പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പശ്ചിമേഷ്യൻ സന്ദർശനം ഇന്ത്യക്കു നേട്ടമായി വിശേഷിപ്പിക്കാമെങ്കിലും ഉദ്ദേശ്യശുദ്ധി അതിന്റെ പകിട്ട് കുറച്ചുവോ എന്ന് സംശയം. എവിടം സന്ദർശിച്ചാലും അവിടത്തെ ഭരണ കർത്താക്കളെയും ജനങ്ങളെയും കൈയിലെടുക്കാൻ മോഡിക്ക് പ്രത്യേക പാടവം തന്നെയുണ്ട്. അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിൽ രാഷ്ട്രീയ വൈരം മറന്ന് ഇന്ത്യൻ സമൂഹം ഒന്നടങ്കം പങ്കെടുക്കാറുമുണ്ട്. എന്നാൽ ഒമാനിലെത്തിയ പ്രധാനമന്ത്രിക്ക് പ്രതീക്ഷിച്ച പ്രതികരണം നേടാനായില്ല. ആരവം മുറ്റി നിൽക്കുന്ന തിങ്ങിനിറഞ്ഞ ഗാലറികളെ നോക്കി സംസാരിച്ചിട്ടുള്ള മോഡിക്ക് ഇക്കുറി ഗാലറിയിലെ ഒഴിഞ്ഞ കസേരകളെ നോക്കി സംസാരിക്കേണ്ടി വന്നു. ഇതിനു പിന്നിൽ രാഷ്ട്രീയക്കളികളുണ്ടെന്ന ആരോപണം നിലനിൽക്കുന്നുണ്ടെങ്കിലും മോഡിയുടെ ജനകീയ സമ്മിതി ഇടിയാൻ തുടങ്ങിയിരിക്കുന്നുവെന്നതാണ് വാസ്തവം.
ഇന്ത്യ ഇക്കാലമത്രയും തുടർന്നു വന്ന നയനിലപാടുകളിൽ നിന്നുള്ള വ്യതിയാനവും തെരഞ്ഞെടുപ്പു വാഗ്ദാന ലംഘനവുമാണ് ഇതിനു കാരണം. ഫലസ്തീന്റെ കാര്യത്തിൽ ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന പ്രതീതി ജനിപ്പിക്കാൻ ഫലസ്തീൻ സന്ദർശം കൊണ്ടായെങ്കിലും ഇസ്രായിലിനോടുള്ള മമത വ്യക്തമാക്കുന്നതായിരുന്നു ഫലസ്തീനിലെ അദ്ദേഹത്തിന്റെ ഓരോ വാക്കുകളും. ഫലസ്തീൻ പരമോന്നത ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദ സ്‌റ്റേറ്റ് ഓഫ് ഫലസ്തീൻ നൽകി ആദരിച്ചെങ്കിലും കിഴക്കൻ ജറൂസലമിനെ തലസ്ഥാനമായി പ്രഖ്യാപിച്ച ഇസ്രായിലിന്റെ ഏകപക്ഷീയ നടപടിക്കെതിരായി ഒരക്ഷരം പോലും മിണ്ടാതിരുന്നതിൽ നിന്ന് ഇത് വ്യക്തമാണ്. ഫലസ്തീൻ ജനത പ്രതീക്ഷിച്ചത് അതായിരുന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ ഇസ്രായിൽ സന്ദർശിച്ചപ്പോൾ ഫലസ്തീനെ തഴഞ്ഞതും ഇസ്രായിൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെ ദൽഹിയിൽ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിൽ സൈനിക, വ്യാപാര, ഭീകര വിരുദ്ധ രംഗങ്ങളിൽ സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചതും വിമർശനം ക്ഷണിച്ചു വരുത്തിയ പശ്ചാത്തലത്തിലായിരുന്നു മോഡിയുടെ ഫലസ്തീൻ സന്ദർശനം.
ഇതൊക്കെയാണെങ്കിലും യു.എ.ഇ, ഒമാൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്തി വിവിധ കരാറുകളിൽ ഒപ്പിടാനായത് ഭരണ നേട്ടമായി വിലയിരുത്തപ്പെട്ടേക്കാം. അതു പോലെ യു.എ.ഇയിലുയരുന്ന ക്ഷേത്രം മോഡിക്ക് രാഷ്ട്രീയ നേട്ടമാകും സമ്മാനിക്കുക.
മിസൈലുകളും ബോംബുകളും ഉണ്ടാക്കാൻ വൻ നിക്ഷേപങ്ങൾ മാറ്റിവെക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് വിനാശത്തിനല്ല, വികസനത്തിനാണ് സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതെന്ന സന്ദേശം ലോകത്തിനു നൽകുന്നതിനും യു.എ.ഇ സന്ദർശനത്തിലൂടെ മോഡിക്കായി. ഇതോടൊപ്പം എണ്ണ പര്യവേക്ഷണം, മനുഷ്യക്കടത്തും തൊഴിൽ തട്ടിപ്പും തടയാൻ സംയുക്ത ഓൺലൈൻ സംവിധാനം ഉൾപ്പെടെ വിവിധ കരാറുകളിലും യു.എ.ഇയുമായി ധാരണയുണ്ടാക്കാൻ കഴിഞ്ഞു. ഒമാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെ പുതിയൊരു തലത്തിലേക്കുയർത്തി ഒമാനുമായും വിവിധ കരാറുകളിൽ ഒപ്പുവെച്ചുകൊണ്ട് നയതന്ത്ര ബന്ധങ്ങളെ ശക്തിപ്പെടുത്താൻ മോഡിക്കു സാധിച്ചു.
പക്ഷേ, ഇതിനേക്കാളെല്ലാമുപരി ക്ഷേത്ര നിർമാണത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു കൊണ്ട് 55,000 ചതുരശ്ര അടി വലിപ്പമുള്ള സ്ഥലം യു.എ.ഇ സൗജന്യമായി വിട്ടുനൽകിയതാവും ഭരണകക്ഷി എന്ന നിലയിൽ ബി.ജെപി നേട്ടമായി കൊണ്ടാടുക. യു.എ.ഇയിൽ ഇതാദ്യമായി ഒരു ക്ഷേത്ര നിർമാണത്തിന് മോഡി ശിലാന്യാസം നടത്തിയെന്നത് അണികളിൽ ആവേശം ജനിപ്പിക്കും. ഒരു മുസ്ലിം രാഷ്ട്രം അവരുടെ രാജ്യത്ത് ഹിന്ദു സഹോദരങ്ങൾക്ക് ആരാധനക്കായി ക്ഷേത്രം നിർമിക്കാൻ സ്ഥലം നൽകിയതിലൂടെ ഇന്ത്യക്കാരോടുള്ള പ്രിയവും അവരുയർത്തിപ്പിടിക്കുന്ന മതേതര മൂല്യവുമാണ് പ്രകടമാക്കിയത്. യു.എ.ഇയിലെ ക്ഷേത്രം മതേതര മൂല്യങ്ങളുയർത്തിപ്പിടിച്ച് വസുധൈവ കുടുംബകം എന്ന സന്ദേശം ലോകമെങ്ങുമെത്തിക്കുന്നതിൽ മാതൃകയായിരിക്കുമെന്ന മോഡിയുടെ പ്രഖ്യാപനം ഏവർക്കും സന്തോഷം നൽകുന്നതാണ്.
എന്നാൽ നൂറ്റാണ്ടുകളായി മുസ്‌ലിംകൾ ആരാധന നടത്തിയിരുന്ന ബാബ്‌രി മസ്ജിദ് തകർത്ത് അതിൻമേൽ നിന്ന് കെട്ടിപ്പടുത്ത രാഷ്ട്രീയ ശക്തിയിൽ അധികാരത്തിലേറിയ മോഡിക്ക് മതേതരത്വത്തെക്കുറിച്ച് പറയാൻ അവകാശമുണ്ടോ എന്ന സംശയം സ്വാഭാവികമാണ്. അധികാരത്തിലേറിയ ശേഷം സ്വീകരിച്ചുവരുന്ന നിലപാടുകളും ഈ സംശയത്തിനു ബലം നൽകുന്നതാണ്. മാത്രമല്ല, അടുത്ത തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അദ്ദേഹത്തിന്റെ അനുയായികൾ ബാബ്‌രി മസ്ജിദ് നിന്നിരുന്ന തർക്ക ഭൂമിയിൽ ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി വീണ്ടും ഇന്ത്യയൊട്ടാകെ സന്ദർശിക്കുന്ന രഥയാത്രക്ക് തുടക്കം കുറിച്ച വേളയിൽ തന്നെയാണ് മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നാം ഒന്നായി ജീവിക്കണമെന്ന പ്രഖ്യാപനം മോഡി നടത്തിയിട്ടുള്ളതെന്നതാണ് വിരോധാഭാസം.
ഇന്ത്യയുടെ ശക്തി സാംസ്‌കാരിക വൈവിധ്യവും മതേതരത്വവുമാണ്. അതിനു കോട്ടമുണ്ടാക്കുന്ന നടപടി ഏതു കോണിൽ നിന്നുണ്ടായാലും മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കുകയും അരക്ഷിതാ ബോധമില്ലാതെ നിർഭയരായി ഏതു സമൂഹത്തിനും ജീവിക്കാൻ അവസരമൊരുക്കുകയും ചെയ്യുമ്പോഴാണ് എതു ഭരണാധികാരിക്കും ജനങ്ങളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ കഴിയുക. വിദേശ രാജ്യങ്ങൾ സന്ദർശിച്ച് അവർ നടത്തുന്ന പ്രസ്താവനകൾക്ക് വിലയുണ്ടാകുന്നതും അപ്പോൾ മാത്രമാണ്.






