ഷൊർണൂർ- വഴക്കിനിടയിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ ഭാര്യയെ ഭർത്താവ് തീക്കൊളുത്തി. 60 ശതമാനം പൊള്ളലേറ്റ കൂനത്തറ ആശാദീപം സ്‌കൂളിനു സമീപം താമസിക്കുന്ന പാലക്കൽ രശ്മിയെ (42) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ഹേമചന്ദ്രനെ ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ഹേമചന്ദ്രന്റെ മദ്യപാനശീലത്തെച്ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നു. തിങ്കളാഴ്ചയും കുടിച്ചാണ് ഭർത്താവ് വീട്ടിലെത്തിയത്. വഴക്കിനിടയിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ഭാര്യ ആത്മഹത്യാ ഭീഷണി മുഴക്കി. ഇതിനിടെ ഭർത്താവ് തീപ്പട്ടിയുരച്ച് തീക്കൊളുത്തി. അലറിക്കരഞ്ഞ് പുറത്തേക്ക് ഓടിയ രശ്മിയെ അയൽക്കാർ കമ്പിളിപ്പുതപ്പ് കൊണ്ട് പുതപ്പിച്ച് തീ കെടുത്തി. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ചു. സംഭവത്തിൽ ഹേമചന്ദ്രനും ചെറുതായി പൊള്ളലേറ്റിരുന്നു. ഇയാളേയും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇന്നലെ രാവിലെ അവിടെനിന്ന് മുങ്ങിയ ഹേമചന്ദ്രനെ കൂനത്തറയിൽനിന്ന് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് നേരത്തേ ഒന്നിലേറെത്തവണ ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി താക്കീത് ചെയ്തിട്ടുണ്ട്.