Sorry, you need to enable JavaScript to visit this website.

ഗജരാജൻ മംഗലാംകുന്ന് രാജൻ ചരിഞ്ഞു

പാലക്കാട്- ആന പ്രേമികളുടെ ഇഷ്ടപ്പെട്ട ഗജരാജനായിരുന്ന മംഗലാംകുന്ന് രാജൻ ചെരിഞ്ഞു. അറുപത് വയസ്സ് പ്രായമുള്ള ആന കഴിഞ്ഞ ഒരു മാസമായി ഉദരരോഗത്തെത്തുടർന്ന് അവശനിലയിലായിരുന്നു. ആന പ്രേമികൾക്കിടയിൽ ടിന്റുമോൻ എന്ന വിളിപ്പേരുള്ള മംഗലാംകുന്ന് രാജൻ ആസാമിൽനിന്ന് എത്തിയതാണ്. തടി പിടിക്കുന്നതിന് വേണ്ടി എത്തിച്ച ആന പിന്നീട് ഉത്സവപ്പറമ്പിലേക്കെത്തി. കോട്ടയം ചിറക്കടവ് ശങ്കരൻ പിള്ളയായിരുന്നു ആദ്യ ഉടമസ്ഥൻ. കീത്താപ്പള്ളിയിൽ രാജൻ, ഗുരുജിയിൽ ഗണപതി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ആന മംഗലാംകുന്ന് ആനത്തറവാട്ടിലെത്തിയപ്പോഴാണ് മംഗലാംകുന്ന് രാജനായി മാറിയത്. പിന്നിലേക്ക് വളഞ്ഞു നിൽക്കുന്ന വലിയ കൊമ്പുകളാണ് ആനകൾക്കിടയിൽ രാജനെ വ്യത്യസ്തനാക്കിയിരുന്നത്. ഒരു കാലത്ത് ഉത്സപ്പറമ്പുകളിലെ വികൃതിയായിരുന്നു. എഴുന്നള്ളിപ്പിന് തലക്കെട്ട് കെട്ടിയാൽ തിരിഞ്ഞു നിൽക്കുന്ന സ്വഭാവമാണ് രാജന് ടിന്റുമോൻ എന്ന വിളിപ്പേര് നൽകിയത്. മംഗലാംകുന്ന് ആനക്കൊട്ടിലിലെ പ്രശസ്തരായിരുന്ന കർണന്റേയും ഗണപതിയുടേയും എല്ലാം നിഴലിലായിരുന്നു രാജൻ. കർണനും ഗണപതിക്കും പിറകേ രാജനും ചെരിഞ്ഞതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ ആനവളർത്തു കേന്ദ്രമായ മംഗലാംകുന്ന് തറവാട്ടിലെ ആനകളുടെ എണ്ണം ആറായിച്ചുരുങ്ങി. വാളയാറിലേക്ക് കൊണ്ടുപോയ ജഡം പോസ്റ്റുമാർട്ടത്തിനു ശേഷം സംസ്‌കരിച്ചു.

Latest News