2014 മെയ് മാസത്തിൽ അധികാരത്തിലേറിയ നരേന്ദ്രമോഡി സർക്കാരിന്റെ കാലാവധി അവസാനിക്കുന്നത് 2019 മെയ് മാസത്തിലാണ്. സാധാരണ ഗതിയിൽ അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിലാണ് പാർലമെന്റിലേക്ക് വോട്ടെടുപ്പ് നടക്കേണ്ടത്. ഇതിന് വിരുദ്ധമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ കേന്ദ്ര ഭരണ നേതൃത്വം ആലോചിക്കുന്നതായി സൂചനയുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കഴിഞ്ഞ മാസം പാർലമെന്റിന്റെ ഇരു സഭകളേയും അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ നൽകിയ ചില സൂചനകളെ ആധാരമാക്കിയാണ് ഇത്തരമൊരു വാർത്ത പരന്നത്. സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അതിനൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പും നടത്തിയാൽ സമ്പദ്ഘടനയ്ക്ക് വലിയ ആഘാതമുണ്ടാകില്ലെന്നാണ് രാഷ്ട്രപതി പറഞ്ഞത്. ഇത് രാജ്യം ചർച്ച ചെയ്യേണ്ട വിഷയമാണെന്നും കോവിന്ദ് എടുത്തു പറഞ്ഞു. തുടർന്ന് എൻ.ഡി.എ നേതൃയോഗം ചേർന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇക്കാര്യം ആവർത്തിച്ചു. തെരഞ്ഞെടുപ്പ് ചെലവ് ഗണ്യമായി കുറക്കാൻ സഹായകമാവുന്ന ഈ നിർദേശത്തെ കുറിച്ച് വിവിധ കക്ഷി നേതാക്കൾ മുൻ കൈയെടുത്ത് സംവാദം സംഘടിപ്പിക്കണം. രാഷ്ട്രപതി മുന്നോട്ട് വെച്ച നിർദേശത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ എല്ലാവരും ഉത്സാഹിക്കണമെന്നും മോഡി സ്വന്തം പാർട്ടി നേതാക്കളേയും സഖ്യകക്ഷി നേതാക്കളേയും ഉണർത്തി. എല്ലാ കാലത്തും തെരഞ്ഞെടുപ്പ് നടക്കുകയെന്ന രീതി ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും മനുഷ്യ വിഭവത്തിന്റെ ദുരുപയോഗമാണെന്നും പ്രധാനമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി.
അടുത്തിടെ ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ കാണിച്ച അഭ്യാസം ആരും മറന്നിരിക്കാനിടയില്ല. ഹിമാചലിനൊപ്പം ഗുജറാത്തിലെ ഫലപ്രഖ്യാപനവുമുണ്ടാവുമെന്ന് പറഞ്ഞപ്പോൾ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഭരണകക്ഷിയുടെ കളിപ്പാവയായി ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയിരിക്കുകയാണെന്ന് ആക്ഷേപമുയർന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് പ്രധാനമന്ത്രിയ്ക്ക് സ്വന്തം സംസ്ഥാനത്തെത്തി പദ്ധതികൾ പ്രഖ്യാപിക്കാൻ സൗകര്യമൊരുക്കുകയാണ് കമ്മീഷൻ ചെയ്തത്.
എന്നാൽ ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. നമ്മുടെ ജനാധിപത്യ പ്രക്രിയ സുഗമമാക്കുന്നതിന്റെ ഭാഗമായി ഇതു സംബന്ധിച്ച ചർച്ച കുറച്ചു കാലമായി നടന്നു വരുന്നുണ്ട്. 1999 ൽ കേന്ദ്ര നിയമ കമ്മീഷൻ ഇത്തരമൊരു ശുപാർശ മുന്നോട്ട് വെച്ചത് മുതലാണ് ദേശീയ തലത്തിൽ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുകയെന്ന ആശയത്തിന് സ്വീകാര്യത ലഭിച്ചു തുടങ്ങിയത്. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ വെവ്വേറെ നടത്തുമ്പോൾ ഖജനാവിൽ നിന്ന് നഷ്ടമാവുന്ന കോടികൾ ലാഭിക്കുകയുമാവാമെന്നതിനാൽ ഇതിനെ പിന്തുണയ്ക്കുന്ന സാമ്പത്തിക വിദഗ്ധരുണ്ട്. ഓരോ 4-6 മാസത്തിനിടയ്ക്ക് വോട്ടെടുപ്പ് എന്നത് സർക്കാർ സംവിധാനങ്ങളുടെ പതിവ് പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്. പ്രസിഡന്റ് തുടങ്ങി വെച്ച സംവാദം കൊണ്ട് ഒരു ഗുണമുണ്ടായി. ഈ വർഷം ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ചില നിയമസഭാ വോട്ടെടുപ്പിനൊപ്പം പാർലമെന്റ് തെരഞ്ഞെടുപ്പുമുണ്ടാവുമെന്ന ധാരണ വ്യാപകമായി. അതിന്റെ പ്രതികരണമാണ് മണ്ഡലം തിരിഞ്ഞു നോക്കാത്ത എം.പിമാർ പോലും പെട്ടെന്ന് സജീവമായി രംഗത്ത് വരാൻ കാരണം. കാലാവധി തീരുന്നതിന് മുമ്പ് തങ്ങളുടെ സൗഭാഗ്യങ്ങൾ അസ്തമിക്കുകയാണല്ലോ എന്ന ആശങ്കയുള്ളവരും എം.പിമാരിലുണ്ട്.
പാർലമെന്റിൽ വിഷയം ചർച്ചയായ ദിവസം കോൺഗ്രസ് എം.പി രഞ്ജിത് രഞ്ജൻ പ്രതികരിച്ചതിങ്ങനെ: തെരഞ്ഞെടുപ്പ് നേരത്തേയാക്കുകയെന്നത് ബി.ജെ.പിയുടെ പദ്ധതിയോ സ്വപ്‌നമോ ആയിരിക്കാം. ഏതായാലും ഇത്തരമൊരു ആശയം നടപ്പാക്കുന്നതിനോട് മിക്ക പാർട്ടികൾക്കും യോജിപ്പായിരിക്കില്ല. ഞങ്ങൾ കോൺഗ്രസ് പാർട്ടി എത്ര നേരത്തെ വോട്ടെടുപ്പ് നടത്തിയാലും തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുക്കമാണെന്നത് വേറെ കാര്യം. ആർ.ജെ.ഡി എം.പിയായ ജയ്പ്രകാശ് യാദവ് പറഞ്ഞത് ബി.ജെ.പിയ്ക്ക് നിലവിലെ ക്രമീകരണം അവരുടെ സൗകര്യത്തിനൊത്ത് മാറ്റാനാണ് ഉദ്ദേശ്യം. ഞങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഭരണ വിരുദ്ധ വികാരത്തെ പേടിച്ചാണ് ബി.ജെ.പി വോട്ടെടുപ്പ് നേരത്തെയാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വതന്ത്ര ഇന്ത്യയിൽ പാർലമെന്റ്, അസംബ്ലി തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തിയിട്ടുണ്ട്. 1967 വരെ വലിയ കുഴപ്പമില്ലാതെ ഇത് തുടരുകയും ചെയ്തു. ചില നിയമസഭകൾ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് പിരിച്ചു വിട്ടതിനെ തുടർന്നാണ് ക്രമീകരണത്തിൽ മാറ്റം വന്നത്. മാത്രവുമല്ല, 1970 ൽ പൊതു തെരഞ്ഞെടുപ്പ് നേരത്തെയാക്കിയിരുന്നു. കോൺഗ്രസിലെ പിളർപ്പ്, പ്രാദേശിക പാർട്ടികളുടെ ആവിർഭാവം, മത്സരിക്കുന്ന പാർട്ടികളുടെ എണ്ണത്തിലുണ്ടായ വർധന, വിവിധ സംസ്ഥാനങ്ങളിൽ രൂപപ്പെട്ട മുന്നണികൾ എന്നീ ഘടകങ്ങൾ കൂടി സ്വാധീനിച്ചാണ് അതത് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് സീസണുകളെ കുറിച്ച് ധാരണ ഉരുത്തിരിഞ്ഞത്.
എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ നേരത്തേ പൊതുതെരഞ്ഞെടുപ്പ് നടത്തിയേക്കുമെന്ന സൂചനയിൽ കോൺഗ്രസടക്കമുള്ള കക്ഷികൾ ഒരുക്കങ്ങൾ തുടങ്ങിയെന്നതും യാഥാർഥ്യമാണ്. സഖ്യ നീക്കം ഭരണ പക്ഷവും പ്രതിപക്ഷവും ഒരു പോലെ സജീവമാക്കി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൈവരിച്ച പുതിയ ആവേശവും അടുത്തിടെ ബഹ്‌റൈനിൽ വിളിച്ചു ചേർത്ത ആഗോള കോൺഗ്രസ് നേതൃസംഗമവുമെല്ലാം ദിശാ സൂചികകളാണ്.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു മുതൽ ബി.ജെ.പിയുടെ തുറുപ്പു ചീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. ഇത്തവണയും ഇതിനു മാറ്റമുണ്ടാവാൻ സാധ്യതയില്ല. ഏറ്റവുമൊടുവിൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വരെ ധ്രുവീകരണ രാഷ്ട്രീയം എടുത്തു പയറ്റിയ മോഡി കാലത്തിന്റെ ചുവരെഴുത്ത് മനസ്സിലാക്കിയിട്ടുണ്ടെന്ന് വേണം വിലയിരുത്താൻ. ഇന്ത്യയുടെ പരമ്പരാഗത രീതിയ്ക്ക് വിരുദ്ധമായി ഇസ്രായിലിനെ അതിഥിയായി സൽക്കരിച്ച മോഡി കഴിഞ്ഞ ദിവസം ഫലസ്തീനിലെത്തി പരമോന്നത ബഹുമതി സ്വീകരിക്കുകയുണ്ടായി. ഗുജറാത്തിലടക്കം വിജയത്തിന്റെ നിറം മങ്ങിയത് ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെ ആശങ്കയിലാഴ്ത്തുന്നു. ഈ വർഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ സ്ഥിതിയും ബി.ജെ.പിക്ക് ആശ്വാസം പകരുന്നതല്ല.
വി.എച്ച്.പി. അന്താരാഷ്ട്ര അധ്യക്ഷൻ ഡോ. പ്രവീൺ തൊഗാഡിയ നടത്തിയ വെളിപ്പെടുത്തലുകൾ ബി.ജെ.പിയുടെ പ്രതിഛായയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രാജസ്ഥാനിൽ കഴിഞ്ഞ ദിവസം നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി കനത്ത തിരിച്ചടി നേരിട്ടിരുന്നു. കോൺഗ്രസ് സ്ഥാനാർഥി ജയിച്ചത് രണ്ട് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നീങ്ങാനാണ് മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന്റെ തീരുമാനം. തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കോൺഗ്രസ് അണികൾക്കു നിർദ്ദേശം നൽകി. ലഖ്‌നൗവിൽ നടന്ന കോൺഗ്രസ് കൺവെൻഷനിൽ ഗുലാം നബി ആസാദ് ഇക്കാര്യം ആവർത്തിച്ചു. അതേസമയം, പൊതുതെരഞ്ഞെടുപ്പു നേരത്തേയാക്കുന്നതു സംബന്ധിച്ച് യാതൊരുവിധ ആലോചനയുമില്ലെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും വ്യക്തമാക്കിയിട്ടുണ്ട്.
വലിയ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിൽ ശിവസേന ദശകങ്ങളായി ബി.ജെ.പിയുടെ സഖ്യകക്ഷിയാണ്. ഇതേ ശിവസേനയാണ് ഇപ്പോൾ ബി.ജെ.പി സർക്കാരിന്റെ ഏറ്റവും വലിയ വിമർശകർ. ശിവസേന ബി.ജെ.പിയുമായി അകന്ന സാഹചര്യം കോൺഗ്രസ് ഉറ്റുനോക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ബി.ജെ.പി വിരുദ്ധമുന്നണിയുണ്ടാക്കാനും അതിന്റെ ഭാഗമാകാനുമാണ് ശിവസേനയുടെ ശ്രമം. ആന്ധ്രാപ്രദേശിലെ സഖ്യകക്ഷിയായ തെലുങ്കുദേശം യുദ്ധപ്രഖ്യാപനം നടത്തിയെങ്കിലും കടുത്ത നിലപാടിലേക്ക് പോകാതിരുന്നത് ബി.ജെ.പി. നേതൃത്വത്തിന് ആശ്വാസം പകർന്നു. ദേശീയ തലത്തിൽ മതേതര സഖ്യത്തിന് നേതൃത്വം നൽകിയിരുന്ന നേതാവാണ് ചന്ദ്രബാബു നായിഡു. ടി.ഡി.പി. എം.പിമാർ അമരാവതിയിൽ കേന്ദ്ര വിരുദ്ധ നിലപാടുമായി ഒത്തുകൂടിയ സാഹചര്യത്തിൽ അമിത് ഷാ തന്നെ നേരിട്ട് ഇടപെട്ടാണ് രോഷം ശമിപ്പിച്ചത്. പ്രശ്‌നപരിഹാരത്തിനായി ബി.ജെ.പി ജനറൽ സെക്രട്ടറി രാം മാധവിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ആന്ധ്രാ പ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതിയെ ലോകോത്തര നിലവാരത്തിൽ വികസിപ്പിക്കാൻ കേന്ദ്ര ഫണ്ട് അനുവദിക്കാത്തതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്.
ഉത്തരേന്ത്യയിൽ ഇത്തവണ സീറ്റ് കുറഞ്ഞേക്കാമെന്ന വിലയിരുത്തലിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമാണ് ബി.ജെ.പിയുടെ നോട്ടം. രജനീകാന്തിന്റെ രാഷ്ട്രീയ ഇടപെടലും അണ്ണാ എ.ഡി.എം.കെയിലെ പ്രതിസന്ധിയും ഡി.എം.കെയുടെ രാഷ്ട്രീയ നീക്കങ്ങളും ഒരേ പോലെ നിരീക്ഷിച്ചാണ് അമിത് ഷാ തമിഴ്‌നാട്ടിലെ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നത്. ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് ഫലം സൂചികയായി എടുത്താൽ തമിഴ്‌നാട്ടിൽ നിന്ന് ഏറെയൊന്നും പ്രതീക്ഷിക്കാനുമില്ല.
രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനമേറ്റ ശേഷം നടക്കുന്ന ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന സവിശേഷത ഇത്തവണയുണ്ട്. ഗുജറാത്തിൽ ശക്തമായ പ്രചാരണം നയിച്ച് മികച്ച പ്രകടനം കാഴ്ച വെക്കാൻ രാഹുലിന് സാധിച്ചിരുന്നു. ഇതും കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. എന്നാൽ പൊതുതെരഞ്ഞെടുപ്പിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. കോൺഗ്രസിനൊപ്പം സഖ്യകക്ഷികൾ കാര്യമായില്ലെന്നത് പ്രധാന ന്യൂനതയാണ്.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതോടെ വിട്ടുപോയ സഖ്യകക്ഷികളൊന്നും തിരിച്ചെത്തിയിട്ടില്ല. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രധാനമാണ്. ശക്തവും ധീരവുമായ നിലപാടുകളിലൂടെ ശ്രദ്ധേയനായ സിദ്ധരാമയ്യ ഭരണം കാര്യമായ വെല്ലുവിളി നേരിടുന്നില്ലെന്നത് ആശ്വാസകരമാണ്. പ്രതിപക്ഷത്ത് കൂടുതൽ കക്ഷികൾ കേന്ദ്രീകരിക്കുന്നതിന് മുമ്പ് പൊതു തെരഞ്ഞെടുപ്പ് നടത്താൻ ബി.ജെ.പി തുനിഞ്ഞാൽ അതിശയിക്കാനൊന്നുമില്ലെന്ന് ചുരുക്കം.