Sorry, you need to enable JavaScript to visit this website.

അടച്ചിട്ട വാഗണുകൾ; ഇരുളടഞ്ഞ ചരിത്രം

വാഗൺ ട്രാജഡിയും പൂക്കോട്ടൂർ യുദ്ധവുമൊക്കെ കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രത്തിൽ മങ്ങാതെ നിലകൊള്ളും. കാരണം, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ഊർജം നൽകിയ അധ്യായങ്ങളാണത്. സാമ്രാജ്യത്വവും ഏകാധിപത്യവുമെല്ലാം പുതിയ രൂപത്തിൽ തിരിച്ചു വരുമ്പോൾ ജനകീയ സമരങ്ങളുടെ ദീപശിഖയിലെ അഗ്‌നിനാളങ്ങളായി ആ ചരിത്ര സ്മരണകൾ ജ്വലിച്ചുകൊണ്ടേയിരിക്കും.   


മലബാറിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ നൂറാം വാർഷിക നാളുകളാണിത്. ഇന്ത്യയിൽ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരങ്ങൾ കൂടുതൽ ശക്തി പ്രാപിച്ചു കൊണ്ടിരുന്ന കാലത്ത്, 1921 ൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഓർമകൾ വീണ്ടും ജ്വലിക്കുകയാണിന്ന്. മലബാർ കലാപമെന്നും മലബാർ സമരമെന്നും മാപ്പിള പോരാട്ടമെന്നുമൊക്കെ പല പേരുകളിൽ വിശേഷിപ്പിക്കപ്പെട്ട ഈ സമര കാലഘട്ടത്തിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ അതിക്രൂരത വ്യക്തമാക്കുന്ന ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വാഗൺ ട്രാജഡി അഥവാ വാഗൺ കൂട്ടക്കൊല. ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്തതിന് മലബാറിന്റെ, പ്രത്യേകിച്ച് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തവരെ വായു കയറാത്ത തീവണ്ടി വാഗണിൽ അടച്ചിട്ട് മരണത്തിലേക്ക് തള്ളിവിട്ട ഇരുളടഞ്ഞ ബ്രിട്ടീഷുകാല ചരിത്രത്തിലെ ഞെട്ടിക്കുന്ന സംഭവമാണത്. എഴുപത് ജീവനുകൾ പ്രാണവായു ലഭിക്കാതെ മരണത്തിലേക്ക് വലിച്ചെറിയപ്പെട്ട അധ്യായം. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്തെ സമാനകതളില്ലാത്ത ബ്രിട്ടീഷ് ക്രൂരതകളിലെ പ്രധാന സംഭവമാണത്.


വാഗൺ ട്രാജഡിക്ക് കഴിഞ്ഞ ദിവസം നൂറു വർഷം പിന്നിട്ടു. 1921 നവംബർ 19 നാണ് മലബാറിലെ അന്നത്തെ പ്രമുഖ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ഹിച്‌കോക്കിന്റെ നിർദേശ പ്രകാരം തിരൂരിൽ നിന്ന് സമരക്കാരെ മരണത്തിലേക്ക് തള്ളിവിട്ടത്. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരുന്ന അക്കാലത്ത് മലബാറിലുള്ള തടവറകളെല്ലാം നിറയുകയും അറസ്റ്റ് ചെയ്യുന്നവരെ തമിഴ്‌നാട്ടിലെ ജയിലുകളിലേക്കും കോടതികളിലേക്കും മാറ്റുകയും ചെയ്യുകയായിരുന്നു പതിവ്. വിവിധ പ്രദേശങ്ങളിൽ നിന്ന് പിടികൂടിയ സമരക്കാരെ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് പ്രത്യേക തരം തീവണ്ടി വാഗണിൽ കുത്തി നിറച്ച് തമിഴ്‌നാട്ടിലെ ബെല്ലാരി ജയിലിലേക്ക് കയറ്റി അയക്കുകയായിരുന്നു. പൂർണമായും അടച്ചിട്ട, വെളിച്ചമോ വായുവോ കയറാത്ത വാഗണാണ് ഇതിനായി ഉപയോഗിച്ചത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥൻമാർക്കും അവരുടെ സിൽബന്തികളായ മലബാറുകാർക്കും സഞ്ചരിക്കാൻ വായു സഞ്ചാരമുള്ള കംപാർട്ട്‌മെന്റുകളുള്ള അതേ തീവണ്ടിയിലാണ് സമരക്കാർക്കായി അടച്ചിട്ട വാഗൺ ഉപയോഗിച്ചത്. അമ്പതു പേർക്ക് നിൽക്കാൻ ഇടമുണ്ടായിരുന്ന ആ വാഗണിൽ നൂറിലേറെ പേരെ കുത്തിനിറച്ച്, വാതിലടച്ച് തീവണ്ടി പായിക്കുകയായിരുന്നുവെന്നാണ് ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള വാഗണുകൾ മുമ്പും ബ്രിട്ടീഷുകാർ സമരക്കാരെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നു. 32 തവണകളായി രണ്ടായിരത്തഞ്ഞൂറിലേറെ പേരെ ഇത്തരം വാഗണുകളിലും ജയിലുകളിലേക്കും കോടതികളിലേക്കും കൊണ്ടുപോയിരുന്നതായി ചരിത്രപുസ്തകങ്ങളിൽ കാണാം. എന്നാൽ മറ്റു ഘട്ടങ്ങളിലെല്ലാം വാഗണുകളുടെ വാതിലുകൾ തുറന്നിട്ട് ഉള്ളിൽ വായു സഞ്ചാരം ഉറപ്പാക്കിയിരുന്നു. തടവുകാർ രക്ഷപ്പെടാതിരിക്കാൻ പോലീസുകാർ വാഗണിൽ പാറാവു നിൽക്കുകയും ചെയ്തിരുന്നു. തിരൂരിൽ നിന്ന് ബെല്ലാരിയിലേക്ക് പോയ തീവണ്ടിയിൽ അതുണ്ടായിരുന്നില്ല. സമരക്കാരെ കുത്തിനിറച്ച ശേഷം വാഗൺ പൂർണമായി അടച്ചു പൂട്ടുകയായിരുന്നു. മലപ്പുറം ജില്ലയിലെ മമ്പാട്, പുലാമന്തോൾ, കുരുവമ്പലം, പേരൂർ, തൃക്കലങ്ങോട്, പയ്യനാട്, നീലാമ്പ്ര, ചെമ്മലശ്ശേരി, പുന്നപ്പാല തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള സമര പോരാളികളായിരുന്നു തടവുകാരിൽ പ്രധാനമായും ഉണ്ടായിരുന്നത്. ഇതേ തീവണ്ടിയിലെ തുറന്ന വാഗണുകളിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും മറ്റു യാത്രക്കാരുമുണ്ടായിരുന്നു.


നവംബർ 19 ന് വൈകിട്ട് ഏഴു മണിക്ക് തിരൂരിൽ നിന്ന് പുറപ്പെട്ട തീവണ്ടി ഏറെ ദൂരം എത്തുന്നതിനു മുമ്പേ തടവുകാർ അസ്വസ്ഥരായി അലറിക്കൊണ്ടിരുന്നു. ഷൊർണൂരിലും ഒലവക്കോട്ടും വണ്ടി നിർത്തിയെങ്കിലും വാഗണിലെ തടവുകാരെക്കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥരോ പോലീസോ തയാറായില്ല. തടവുകാർ ശ്വാസംമുട്ടി നിലവിളിക്കുകയായിരുന്നു. ജീവവായുവിനും കുടിവെള്ളത്തിനും വേണ്ടി അവർ അലമുറയിട്ടു കരഞ്ഞപ്പോഴും ക്രൂരചിത്തരായ ബ്രിട്ടീഷ് പോലീസുകാർ ചെവികൊണ്ടില്ല. തടവുകാർ ശ്വാസം മുട്ടി പരസ്പരം മാന്താനും കടിക്കാനും തുടങ്ങിയിരുന്നു. തീവണ്ടിയുടെ മുരൾച്ചയിലും ചൂളംവിളിയിലും അവരുടെ നിലവിളികൾ പുറത്തു കേട്ടില്ല.


നവംബർ 20 ന് പുലർച്ചെ കോയമ്പത്തൂരിനടുത്ത് പോത്തനൂരിൽ വണ്ടി നിർത്തിയപ്പോൾ പോലീസുകാർ വാഗൺ പരിശോധിച്ചു. ഉള്ളിൽ കണ്ട കാഴ്ച അതിദയനീയമായിരുന്നു. ശ്വാസം കിട്ടാതെ മാന്തിയും കടിച്ചും മരണത്തിലേക്ക് ഊർന്നു വീണ മനുഷ്യക്കൂമ്പാരമായി ആ വാഗൺ മാറിയിരുന്നു. ഉടനെ എല്ലാവരെയും പുറത്തെടുത്തെങ്കിലും അമ്പതു പേർ വാഗണ് അകത്തു വെച്ചു തന്നെ മരിച്ചിരുന്നു. ജീവന്റെ തുടിപ്പുകളുള്ളവരെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ അതേ വാഗണിൽ തന്നെ തിരൂരിലേക്ക് തിരിച്ചയക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ഏതാനും പേർ കൂടി അടുത്ത ദിവസങ്ങളിൽ മരിച്ചു. അങ്ങനെ വാഗൺ ദുരന്തത്തിൽ എഴുപത് പേർ രക്തസാക്ഷികളായി. നാട്ടിലെത്തിച്ച മൃതദേഹങ്ങൾ പല ഭാഗങ്ങളിലായാണ് സംസ്‌കരിച്ചത്. മുസ്‌ലിംകളായ പോരാളികളുടെ മൃതദേഹങ്ങൾ തിരൂർ കോരങ്ങത്ത്, കോട്ട് ജുമാ മസ്ജിദുകളുടെ ഖബർസ്ഥാനിലും പുലാമന്തോൾ,  കുരുവമ്പലം മഹല്ലുകളിലെ ഖബർസ്ഥാനുകളിലുമാണ് പ്രധാനമായും ഖബറടക്കിയത്. ഹിന്ദുക്കളായ സമര പോരാളികളുടെ മൃതദേഹങ്ങൾ എഴൂരിലും സംസ്‌കരിച്ചു. നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരങ്ങൾ നടന്നത്. 


മലബാറിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്കിടയിലെ രക്തസാക്ഷിത്വങ്ങളിൽ ജ്വലിച്ചു നിൽക്കുന്നവരാണ് വാഗൺ ട്രാജഡിയിൽ ജീവൻ നഷ്ടപ്പെട്ടവർ. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി സർക്കാർ ചരിത്ര പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിച്ചാലും മാനവ രാശിയുടെ ഓർമകളിൽ നിന്നും ചിന്തകളിൽ നിന്നും മാഞ്ഞു പോകാത്തതാണ് മലബാർ സമര ചരിത്രം. ബ്രിട്ടീഷ് ചരിത്രകാരൻമാർ നൽകിയ മാപ്പിള കലാപമെന്ന വാക്ക് പിന്തുടരുന്ന സർക്കാരുകൾക്ക് മലബാർ പോരാട്ടത്തിലെ മാനവികതയെ കാണാനാകില്ല. വാഗൺ ട്രാജഡി ദുരന്തത്തിൽ മരിച്ചവരിൽ മുസ്‌ലിംകൾ (മാപ്പിളമാർ) മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ഹിന്ദുക്കളുമുണ്ടായിരുന്നു. അവരെ ശ്വാസം മുട്ടിച്ച് കൊന്നത് മാപ്പിളമാരല്ല, ബ്രിട്ടീഷ് പട്ടാളക്കാരാണ്. വാഗൺ ട്രാജഡിയും പൂക്കോട്ടൂർ യുദ്ധവുമൊക്കെ കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രത്തിൽ മങ്ങാതെ നിലകൊള്ളും. കാരണം, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ഊർജം നൽകിയ അധ്യായങ്ങളാണത്. സാമ്രാജ്യത്വവും ഏകാധിപത്യവുമെല്ലാം പുതിയ രൂപത്തിൽ തിരിച്ചു വരുമ്പോൾ ജനകീയ സമരങ്ങളുടെ ദീപശിഖയിലെ അഗ്‌നിനാളങ്ങളായി ആ ചരിത്ര സ്മരണകൾ ജ്വലിച്ചുകൊണ്ടേയിരിക്കും.   
 

Latest News