Sorry, you need to enable JavaScript to visit this website.

സൻആയിൽ ഹൂത്തികളുടെ ആയുധപ്പുരകൾക്കു നേരെ ആക്രമണം കടുപ്പിച്ച് സഖ്യസേന

റിയാദ് - സൻആയിൽ ഹൂത്തികളുടെ ആയുധപ്പുരകൾക്കു നേരെ സഖ്യസേന ശക്തമായ ആക്രമണങ്ങൾ നടത്തി. ആയുധങ്ങളും വെടിക്കോപ്പുകളും ബാലിസ്റ്റിക് മിസൈലുകളും സൂക്ഷിച്ചുവെച്ച സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് സഖ്യസേന ഇന്നു പുലർച്ചെ ആക്രമണങ്ങൾ നടത്തിയത്. 
സൻആയിൽ ആശുപത്രികളും യു.എൻ, റിലീഫ് സംഘടനാ ആസ്ഥാനങ്ങളും മറയാക്കിയാണ് ഹൂത്തികളുടെ രഹസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. സാധാരണക്കാരെ ഹൂത്തികൾ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു. സൻആ ദഹ്ബാൻ ഡിസ്ട്രിക്ടിൽ ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ കേന്ദ്രം ആക്രമണത്തിലൂടെ തകർത്തു. ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്ന സൻആയിലെ രഹസ്യ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയതായും സഖ്യസേന പറഞ്ഞു. ആയുധപ്പുരകൾക്കും ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങൾക്കും നേരെ സഖ്യസേന നടത്തിയ ആക്രമണങ്ങളെ തുടർന്ന് ഇവിടങ്ങളിലുണ്ടായ ഉഗ്ര സ്‌ഫോടനങ്ങൾ വ്യക്തമാക്കുന്ന ഫോട്ടോകളും വീഡിയോകളും സാമൂഹികമാധ്യമ ഉപയോക്താക്കൾ പങ്കുവെച്ചു. 
മാരിബിന് തെക്ക് യെമൻ സൈനിക ലക്ഷ്യങ്ങൾക്കു നേരെ രൂക്ഷമായ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം യെമൻ സൈന്യം പരാജയപ്പെടുത്തി. പതിനൊന്നു മണിക്കൂർ നീണ്ട ആക്രമണങ്ങളിലൂടെയും ശക്തമായ ചെറുത്തുനിൽപിലൂടെയുമാണ് ഹൂത്തികളുടെ ആക്രമണ പദ്ധതി പരാജയപ്പെടുത്തിയതെന്ന് യെമൻ സൈന്യത്തിനു കീഴിലെ മീഡിയ സെന്റർ പറഞ്ഞു. ഏറ്റുമുട്ടലിൽ ഹൂത്തികളുടെ ഭാഗത്ത് വൻ ആൾനാശമുണ്ടായി. ഹൂത്തികളുടെ നിരവധി സൈനിക ഉപകരണങ്ങളും തകർന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
 

സൻആ എയർപോർട്ട് കേന്ദ്രീകരിച്ച് മിസൈലുകൾ ആക്രമണത്തിന് തയാറാക്കുന്നതിന്റെയും മറ്റു പരീക്ഷണങ്ങൾ നടത്തുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സഖ്യസേന തിങ്കളാഴ്ച രാത്രി പുറത്തുവിട്ടു. പതിനഞ്ചു മിനിറ്റിലേറെ ദൈർഘ്യമുള്ള രഹസ്യ വീഡിയോ ആണ് സഖ്യസേന പുറത്തുവിട്ടത്. ഇതിൽ നിന്നുള്ള ഭാഗങ്ങൾ അൽഇഖ്ബാരിയ, അൽഅറബിയ അടക്കമുള്ള ചാനലുകൾ സംപ്രേക്ഷണം ചെയ്തു. സൻആ വിമാനത്താവളത്തിൽ സൈനിക വാഹനങ്ങളും കവചിത വാഹനങ്ങളും വിന്യസിച്ചതിന്റെയും മിസൈലുകൾ സ്ഥാപിച്ചതിന്റെയും മറ്റും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. സിവിലിയൻ എയർപോർട്ടിനെ സൈനിക ബാരക്ക് ആക്കി ഹൂത്തികൾ മാറ്റിയതായി വീഡിയോ സ്ഥിരീകരിക്കുന്നു. തങ്ങളുടെ പക്കലുള്ള വ്യോമ പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താൻ സൻആ വിമാനത്താവളത്തിൽ ലാന്റ് ചെയ്യുകയും പറന്നുയരുകയും ചെയ്ത യു.എൻ വിമാനം ഉപയോഗിച്ച് ഹൂത്തികൾ പരീക്ഷണം നടത്തുന്നതും പരീക്ഷണങ്ങൾക്ക് വിദേശ വിദഗ്ധൻ മേൽനോട്ടം വഹിക്കുന്നതും വീഡിയോയിലുണ്ട്.

Latest News