സൗദിയിൽ പ്രകൃതി വാതക ശേഖരം  326.1 ട്രില്യൺ ഘന അടിയായി ഉയർന്നു

റിയാദ് - കഴിഞ്ഞ വർഷാവസാനത്തോടെ സൗദിയിൽ സ്ഥിരീകരിക്കപ്പെട്ട പ്രകൃതി വാതക ശേഖരം 326.1 ട്രില്യൺ ഘന അടിയായി ഉയർന്നതായി ഒപെക്, സൗദി ഊർജ മന്ത്രാലയം, സൗദി അറാംകൊ വിവരങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ കൊല്ലം സൗദിയിൽ പ്രകൃതി വാതക ശേഖരം 0.4 ശതമാനം തോതിൽ വർധിച്ചു. 2019 അവസാനത്തിൽ രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ട പ്രകൃതി വാതക ശേഖരം 324.5 ട്രില്യൺ ഘന അടിയായിരുന്നു. ലോകത്ത് ഏറ്റവുമധികം പ്രകൃതി വാതക ശേഖരമുള്ള ആറാമത്തെ രാജ്യമാണ് സൗദി അറേബ്യ. ലോകത്തെ ആകെ വാതക ശേഖരത്തിന്റെ നാലര ശതമാനം സൗദിയിലാണ്. ലോകത്തെ ആകെ വാതക ശേഖരം 7,298.9 ട്രില്യൺ ക്യുബിക് അടിയാണ്. 
അറുപതു വർഷത്തിനിടെ പ്രകൃതി വാതക ശേഖരം ആറിരട്ടിയിലേറെ വർധിപ്പിക്കാൻ സൗദി അറേബ്യക്കായിട്ടുണ്ട്. 1960 ലെ കണക്കുകൾ പ്രകാരം സൗദിയിൽ സ്ഥിരീകരിച്ച വാതക ശേഖരം 46 ട്രില്യൺ ക്യുബിക് അടിയായിരുന്നു. ആറു ദശകത്തിനിടെ സൗദി അറേബ്യയുടെ വാതക ശേഖരം 609 ശതമാനം തോതിൽ വർധിച്ചു. ഇക്കാലയളവിൽ ഓരോ വർഷവും ശരാശരി 10.1 ശതമാനം തോതിൽ വാതക ശേഖരം വർധിപ്പിക്കാൻ സൗദി അറേബ്യക്ക് സാധിച്ചു. 
ലോകത്ത് ഏറ്റവുമധികം ഗ്യാസ് ശേഖരമുള്ളത് റഷ്യയിലാണ്. ഇറാൻ, ഖത്തർ, തുർക്‌മെനിസ്ഥാൻ, അമേരിക്ക എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. റഷ്യയിൽ 1,728.2 ട്രില്യൺ ഘന അടി വാതക ശേഖരമുണ്ട്. ലോകത്തെ ആകെ വാതക ശേഖരത്തിന്റെ 23.7 ശതമാനവും റഷ്യയിലാണ്. ഇറാനിൽ 1,203.4 ട്രില്യൺ ഘന അടി വാതക ശേഖരവും ഖത്തറിൽ 841.6 ട്രില്യൺ ഘന അടി വാതക ശേഖരവും തുർക്‌മെനിസ്ഥാനിൽ 542.6 ട്രില്യൺ ക്യുബിക് അടി വാതക ശേഖരവും അമേരിക്കയിൽ 457.6 ട്രില്യൺ ഖന അടി വാതക ശേഖരവുമുണ്ട്.
 

Latest News