Sorry, you need to enable JavaScript to visit this website.

മൂന്ന് മാസത്തേക്ക് ഇഖാമ പുതുക്കി തുടങ്ങി

റിയാദ്- സൗദി അറേബ്യയില്‍ വിദേശികളുടെ താമസരേഖയായ ഇഖാമ മൂന്നു മാസത്തേക്ക് പുതുക്കിത്തുടങ്ങി. മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് മാസം സെലക്ട് ചെയ്യുന്നതിനുള്ള സൗകര്യം ഇന്ന് മുതല്‍ ലേബര്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായി. രണ്ടാഴ്ച മുമ്പേ തൊഴില്‍, സാമൂഹിക വകുപ്പ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും ഇന്നാണ് ഇത് സംബന്ധിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.
താമസ രേഖ പുതുക്കുന്നതിന് തൊഴില്‍ വകുപ്പിന്റെ ഇലക്ട്രോണിക് സേവനങ്ങളില്‍ ലേബര്‍ കാര്‍ഡിന് പണമടക്കാനുള്ള ഇന്‍വോയ്‌സ് നമ്പര്‍ ആദ്യമെടുക്കണം. ഇന്നലെ വരെ ഇത് 12 മാസത്തേക്കായിരുന്നു ഇത് ലഭിച്ചിരുന്നത്. ഇന്ന് മുതല്‍ ഇതില്‍ മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് സെലക്ട് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇവിടെ നിന്ന് നിശ്ചിത മാസം സെലക്ട് ചെയ്ത് ഇന്‍വോയ്‌സ് ഇഷ്യു ചെയ്ത് പണമടക്കണം. ശേഷം ജവാസാത്തില്‍ അടക്കാനുള്ള പണവും നിശ്ചിത മാസം സെലക്ട് ചെയ്ത് അടക്കണം. ഇതോടെ ഇഖാമ പുതുക്കാം. ജവാസാത്തില്‍ തവണയായി പണമടക്കാനുള്ള സൗകര്യം മൂന്നാഴ്ച മുമ്പേ ബാങ്കുകള്‍ സൗകര്യപ്പെടുത്തിയിരുന്നു. വിദേശികള്‍ക്ക് ഫാമിലി ലെവിയും ഇങ്ങനെ തവണകളായി അടക്കാം.
എന്നാല്‍ മൂന്നു മാസത്തേക്ക് ഇഖാമ ഇഷ്യു ചെയ്യാനുള്ള സംവിധാനം കമ്പനികള്‍ക്ക് ഏറെ ഗുണം ചെയ്യും. തൊഴിലാളികളെ പിരിച്ചുവിടാനും മറ്റും പദ്ധതിയുണ്ടെങ്കില്‍ കുറഞ്ഞ മാസത്തേക്ക് ഇഖാമ പുതുക്കിയാല്‍ മതിയാകും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്ഥാപനങ്ങള്‍ക്കും ഇതനുഗ്രഹമാകും

Latest News