Sorry, you need to enable JavaScript to visit this website.

മാറാട് കലാപം: രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കോഴിക്കോട്- മാറാട് കലാപക്കേസിൽ രണ്ട് പ്രതികൾക്ക് മാറാട് പ്രത്യേക കോടതി ജീവപര്യന്തം തടവ് വിധിച്ചു. 95-ാം പ്രതി കടലുണ്ടി കുട്ടിച്ചന്റെ പുരയ്ക്കൽ കോയമോൻ എന്ന മുഹമ്മദ് കോയ, 148-ാം പ്രതി മാറാട് കല്ലുവെച്ച വീട്ടിൽ നിസാമുദ്ദീൻ എന്നിവർക്ക് ശിക്ഷ. സ്‌ഫോടക വസ്തു കൈവശം വെച്ചതിനും മതസ്പർധ വളർത്തിയതിനുമാണ് കോയമോന് ഇരട്ടജീവപര്യന്തവും ഒരു രക്ഷത്തി രണ്ടായിരം രൂപയും ശിക്ഷ വിധിച്ചത്. ഇരട്ടജീവപര്യന്തം തടവിന് പുറമെ 56,000 രൂപ കൂടി നിസാമുദ്ദീൻ നൽകണം. 

വിചാരണ സമയത്ത് വിദേശത്തേക്ക് കടന്ന രണ്ടുപേരെയും 2010ലും 2011ലുമായാണ് പിടികൂടിയത്. 2010 ഒക്ടോബർ 15നാണ് നിസാമുദ്ദീൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലാവുന്നത്. 2011 ജനുവരി 23ന് സൗത്ത് ബീച്ചിൽ ഒളിവിൽ താമസിക്കുന്നതിനിടയിലാണ് കോയമോൻ പിടിയിലായത്. ഹൈദരാബാദിലേക്ക് കടന്ന ഇയാൾ നാട്ടിൽ തിരിച്ചെത്തി ഒളിവിൽ പോവുകയായിരുന്നു. പിന്നീട് ഈ കേസ് പ്രത്യേകം വിചാരണയ്ക്കെടുത്താണ് മാറാട് സ്പെഷ്യൽ അഡീഷണൽ ജഡ്ജി കെ.എസ്. അംബിക വിധി പ്രഖ്യാപിച്ചത്. അഡ്വ. ആർ. ആനന്ദാണ് കേസിൽ സ്പെഷൽ പ്രോസിക്യൂട്ടർ. 2003 മെയ് 2നാണ് മാറാട് കൂട്ടക്കൊല നടന്നത്. കേസിൽ 148 പ്രതികളാണുണ്ടായിരുന്നത്. വിചാരണ നേരിട്ട 139 പ്രതികളിൽ 86 പേരെ കോടതി ശിക്ഷിച്ചിരുന്നു.  

Latest News