Sorry, you need to enable JavaScript to visit this website.

ത്രിപുര സംഘര്‍ഷം; തൃണമൂല്‍ എംപിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു; ഒടുവില്‍ മന്ത്രി അമിത് ഷാ എത്തി

ന്യൂദല്‍ഹി- വ്യാഴാഴ്ച തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ ബിജെപി അണികള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക ആക്രമം നടത്തുകയാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിനു മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ കുത്തിയിരുപ്പ് പ്രതിഷേധം നടത്തി. ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സമയം അനുവദിക്കാനാവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മുദ്രാവാക്യം മുഴക്കി എംപിമാര്‍ ധര്‍ണ നടത്തി. നാല് മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ മന്ത്രി അമിത് ഷാ കുടിക്കാഴ്ചയ്ക്ക് സമ്മതിക്കുകയായിരുന്നു. 17 അംഗ എംപിമാരുടെ സംഘമാണ് വൈകീട്ട് നാലു മണിക്ക് അമിത് ഷായെ കണ്ടത്. ത്രിപുരയില്‍ ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തുകയാണെന്നും അക്രമികളെ പോലീസ് സംരക്ഷിക്കുകയാണെന്നും എംപിമാര്‍ പരാതിപ്പെട്ടു. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഇതു സംബന്ധിച്ച റിപോര്‍ട്ട് തേടുമെന്ന് അമിത് ഷാ തൃണമൂല്‍ എംപിമാരെ അറിയിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്തതും എംപിമാരെ അടിച്ചതും വിശദമായി ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് തൃണമൂല്‍ എംപി കല്യാന്‍ ബാനര്‍ജി പറഞ്ഞു. കഴിഞ്ഞ ദിവസം ത്രിപുര മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും റിപോര്‍ട്ട് തേടുമെന്നും അമിത് ഷാ പറഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ പൊതു പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷ സായോനി ഘോഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ഇന്ന് ജാമ്യം ലഭിച്ചു. തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി തിങ്കളാഴ്ച അഗര്‍ത്തലയിലെത്തി. എന്നാല്‍ റാലി സംഘടിപ്പിക്കാന്‍ പോലീസ് അഭിഷേകിനെ അനുവദിച്ചില്ല.
 

Latest News