യാത്രക്കാരുടെ ഭയം മാറ്റാന്‍ വ്യോമയാന മന്ത്രിയും സ്‌പൈസ് ജെറ്റ് ഉടമകളും കുടുംബവും ബോയിങ് 737 മാക്‌സില്‍ പറക്കും

ന്യൂദല്‍ഹി- ഇന്തൊനേഷ്യയിലും എത്തിയോപിയയിലും അപകടത്തില്‍പ്പെടുകയും പലയിടത്തും സാങ്കേതിക തകരാറുകള്‍ കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് പറക്കല്‍ നിര്‍ത്തിവച്ച ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ ഇന്ത്യയില്‍ വീണ്ടും കൊമേഴ്‌സ്യല്‍ സര്‍വീസുകളുമായി തിരിച്ചെത്തുന്നു. ഈ വിമാനം ഉപയോഗിച്ചുള്ള യാത്രകള്‍ക്ക് സ്‌പൈസ് ജെറ്റിന് ഡിജിസിഎ അനുമതി നല്‍കി. 

ദുഷ്‌പേരും യാത്രക്കാരുടെ ഭയവും മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യന്‍ ബജറ്റ് വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ് പുനരാരംഭിക്കുന്ന 737 മാക്‌സ് യാത്രാ വിമാനത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സ്‌പൈസ് ജെറ്റ് ഉടമകളും കുടുംബാംഗങ്ങളും പറക്കുമെന്ന് കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ് പറഞ്ഞു. രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ബോയിങ് 737 മാക്‌സ് വിമാനം യാത്രയ്ക്കായി ഉപയോഗിക്കാന്‍ ഡിജിസിഎ സ്‌പൈസ് ജെറ്റിന് അനുമതി നല്‍കിയത്. യാത്രക്കാരുടെ വിശ്വാസം ആര്‍ജ്ജിക്കാനാണ് മന്ത്രിയും കമ്പനി ഉടമകളും കുടുംബവും ഈ വിമാനത്തില്‍ യാത്ര ചെയ്യുന്നത്. ആദ്യ സര്‍വീസ് ദല്‍ഹിയില്‍ നിന്നും വ്യോമയാന മന്ത്രിയുടെ സ്വന്തം തട്ടകമായ മധ്യപ്രദേശിലെ ഗ്വാളിയോറിലേക്കാണ്.

യുഎസിലേയും യുറോപ്പിലേയും ഇന്ത്യയിലേയും വ്യോമയാന നിയന്ത്രണ ഏജന്‍സികള്‍ പലതവണ ഈ വിമാനം സൂക്ഷ്മ പരിശോധനകള്‍ നടത്തുകയും കൊമേഴ്‌സ്യല്‍ ഓപറേഷന് അനുയോജ്യമാണെന്ന് അംഗീകരിക്കുകയും ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ സോഫ്റ്റ് വെയര്‍ തകരാറിനെ തുടര്‍ന്ന് ബോയിങ് 737 മാക്‌സിന് ഡിജിസിഎ നേരത്തെ പറക്കല്‍ അനുമതി നിഷേധിച്ചിരുന്നു.

യുഎസ് വിമാന നിര്‍മാണ കമ്പനിയായ ബോയിങിന് വലിയ തിരിച്ചടിയായ 737 മാക്‌സിന്റെ ദുഷ്‌പേര് മാറ്റാന്‍ രണ്ടര വര്‍ഷം മുമ്പ് തന്നെ കമ്പനി നടപടികള്‍ സ്വീകരിച്ചിരുന്നു. സാങ്കേതിക തകരാറിനു കാരണമായ സോഫ്‌റ്റ്വെയര്‍ പാളിച്ചകള്‍ നേരത്തെ തന്നെ കമ്പനി കണ്ടെത്തി പരിഹരിച്ചിട്ടുണ്ട്. യുഎസ്, യുറോപ്, ഓസ്‌ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളില്‍ ഈ വിമാനം ഒരു വര്‍ഷമായി വീണ്ടും പറന്നു തുടങ്ങിയിട്ടുണ്ടെന്നും സ്‌പൈസ് ജെറ്റ് സിഎംഡി പറഞ്ഞു. 

Latest News