Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സഞ്ജിത് വധം: പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് അറസ്റ്റില്‍

പാലക്കാട്- മമ്പറത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രാദേശികനേതാവിനെയാണ് ജില്ലാ പോലീസ് സൂപ്രണ്ട് ആര്‍.വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായതെന്നും തിരിച്ചറിയല്‍ പരേഡ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ പേരുവിവരങ്ങള്‍ ഉടന്‍ പുറത്തുവിടാനാവില്ലെന്നും എസ്.പി അറിയിച്ചു.

മുണ്ടക്കയത്ത് നിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മൂന്നു പേരില്‍ ഒരാളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകത്തിലുള്‍പ്പെട്ട മറ്റുള്ളവരെക്കുറിച്ചും വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് വരുംദിവസങ്ങളില്‍ ഉണ്ടാകും.

ശനിയാഴ്ച രാത്രിയാണ് മുണ്ടക്കയത്തെ ഒളിസ്ഥലത്ത് നിന്ന് പ്രതിയെ പിടികൂടിയത്. കൊലപാതകത്തില്‍ പങ്കെടുത്തയാളുകള്‍ മുണ്ടക്കയത്ത് ഒളിവില്‍ കഴിയുകയാണ് എന്ന സൂചന ലഭിച്ചാണ് പാലക്കാട്ടു നിന്നുള്ള അന്വേഷണസംഘം അവിടെയെത്തിയത്.

ബേക്കറിയില്‍ ജീവനക്കാരനായി നാലു മാസമായി ജോലി നോക്കുന്ന വ്യക്തിയുടെ സംരക്ഷണയില്‍ അയാളുടെ മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു പാലക്കാട്ടു നിന്ന് എത്തിയ രണ്ട് പേര്‍. അതിലൊരാളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലായിട്ടുള്ള മറ്റ് രണ്ടു പേര്‍ക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ബേക്കറിയുടമയുടെ നിയന്ത്രണത്തിലുള്ളതായിരുന്നു യുവാക്കള്‍ ഒളിച്ചിരുന്ന താമസസ്ഥലം. ബേക്കറിയുടമയേയും പോലീസ് ചോദ്യം ചെയ്തിരുന്നു.

പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ചിരുന്നത് ഇപ്പോള്‍ അറസ്റ്റിലായ വ്യക്തിയാണ് എന്നാണ് സൂചന. തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘമാണ് കൊലപാതകം നടത്തിയത് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ വ്യാപകമായ തെരച്ചില്‍ നടന്നു വരികയാണ്. തമിഴ്‌നാട് പോലീസിന്റെ സഹകരണത്തോടെയാണ് അന്വേഷണം. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൃത്യത്തിന് ഉപയോഗിച്ചത് എന്ന് സംശയിക്കുന്ന ആയുധങ്ങള്‍ ദേശീയപാതയുടെ ഓരത്ത് നിന്ന് കണ്ടെടുത്തിരുന്നുവെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പോലീസിനെ കബളിപ്പിക്കുന്നതിനു വേണ്ടി ഉപേക്ഷിച്ചതാകാം എന്നാണ് സംശയം.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടേമുക്കാലോടെയാണ് എലപ്പുള്ളിയിലെ സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സഞ്ജിത്ത് കൊല്ലപ്പെട്ടത്. കാറിലെത്തിയ അക്രമിസംഘം ഭാര്യയുടെ മുന്നിലിട്ടാണ് അക്രമം നടത്തിയത്. ഒരാഴ്ചയായിട്ടും പ്രതികളിലേക്കുള്ള സൂചനകളൊന്നും ലഭിക്കാത്തത് പോലീസിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. സംഘ്പരിവാര്‍ വിഷയം ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ്. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള 34അംഗ സംഘത്തിനാണ് കേസന്വേഷണത്തിന്റെ ചുമതല.

 

 

Latest News