Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡി.ജെ പാര്‍ട്ടി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍ കിട്ടിയില്ല, കാറോടിച്ചിരുന്ന അബ്ദു റഹ്മാനെ ചോദ്യം ചെയ്തു

കൊച്ചി- മോഡലുകള്‍ കാറപകടത്തില്‍ മരിച്ച കേസില്‍ ഡി.ജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്ന ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറിന് വേണ്ടി കായലില്‍ തിരച്ചില്‍ നടത്തി.

ഇടക്കൊച്ചി കണ്ണങ്കാട്ട് പാലത്തിന് സമീപം ഫയര്‍ഫോഴ്സിലെ നാലംഗ സ്‌കൂബാ ടീമാണ് തിരച്ചില്‍ നടത്തിയത്. രാവിലെ ആരംഭിച്ച തിരച്ചില്‍ വൈകുന്നേരം വരെ തുടര്‍ന്നെങ്കിലും കായലിലെറിഞ്ഞ ഡി.വി.ആര്‍ കണ്ടുകിട്ടിയില്ല. തിരച്ചില്‍ തുടരുമെന്ന് പോലീസ് അറിയിച്ചു.

ഹോട്ടലുടമ റോയിയുടെ നിര്‍ദേശ പ്രകാരം ഡി വി ആര്‍ കായലിലെറിഞ്ഞ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചിരുന്നു. ഇവര്‍ ചൂണ്ടിക്കാട്ടിയ സ്ഥലത്തും പരിസരങ്ങളിലുമാണ് തിരച്ചില്‍ നടന്നത്. വളരെ ആഴത്തില്‍ ചെളിയുള്ള പ്രദേശമായതിനാല്‍ ഡി വി ആര്‍ കായലിന്റെ അടിത്തട്ടിലേക്ക് പോയിരിക്കാമെന്നാണ് കരുതുന്നതെന്ന് തിരച്ചിലിന് നേതൃത്വം നല്‍കിയ കൊച്ചി മെട്രോ സി ഐ അനന്തലാല്‍ പറഞ്ഞു.

സംഭവം നടന്ന് മൂന്നാഴ്ച കഴിഞ്ഞാണ് തിരച്ചില്‍ നടക്കുന്നത്. ഇതിനിടയില്‍ തുടര്‍ച്ചയായി കനത്ത മഴ പെയ്തിരുന്നു. വേലിയേറ്റത്തിലോ വേലിയിറക്കത്തിലോ തൊണ്ടി മുതല്‍ ദൂരേക്ക് ഒഴുകിപ്പോയിരിക്കാനുള്ള സാധ്യതയുമുണ്ട്. ഡി വി ആര്‍ യഥാര്‍ഥത്തില്‍ ജീവനക്കാര്‍ കായലില്‍ എറിഞ്ഞിട്ടുണ്ടോ അതോ ഒളിപ്പിച്ചിരിക്കുകയാണോ എന്ന കാര്യത്തിലും  സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഹോട്ടലുടമയും ജീവനക്കാരും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.
നമ്പര്‍ 18 ഹോട്ടലില്‍ ഡി ജെ പാര്‍ട്ടി നടന്ന റൂഫ് ടോപ്പിലെ സി സി ടി വി ദൃശ്യങ്ങളടങ്ങിയ ഡി വി ആര്‍ ആണ് കായലില്‍ എറിഞ്ഞിരിക്കുന്നത്. സംഭവ ദിവസം രാത്രി 9 മണി വരെയാണ് റൂഫ് ടോപ്പില്‍ ഡി ജെ പാര്‍ട്ടി നടന്നത്. 9 മണിക്ക് ശേഷം മദ്യം വിളമ്പുന്നതിന് വിലക്കുള്ളതിനാല്‍ വളരെ അടുപ്പമുള്ളവരെ മാത്രം ഉള്‍പ്പെടുത്തി താഴത്തെ ഫ്ളോറിലുള്ള ബാറില്‍ പാര്‍ട്ടി തുടര്‍ന്നു. ഒമ്പത് മണിക്ക് ശേഷം പാര്‍ട്ടി നടക്കുന്ന ദൃശ്യങ്ങളടങ്ങിയ ഡി വി ആര്‍ ആണ് കായലിലെറിയാന്‍ ഹോട്ടലുടമ ജീവനക്കാരനോട് നിര്‍ദേശിച്ചതെങ്കിലും അബദ്ധത്തില്‍ റൂഫ്ടോപ്പിലെ ദൃശ്യങ്ങളടങ്ങിയ ഡി വി ആര്‍ ആണ് ജീവനക്കാരന്‍ കായലിലെറിഞ്ഞതെന്നാണ് റോയി നല്‍കിയ മൊഴി. ഒമ്പത് മണിക്ക് ശേഷം ബാറില്‍ മദ്യസല്‍ക്കാരം നടത്തുന്ന ദൃശ്യങ്ങളുടെ ഡി വി ആര്‍ ഹോട്ടലുടമ പോലീസിന് കൈമാറിയ ഡിജിറ്റല്‍ തെളിവുകളുടെ കൂട്ടത്തിലുണ്ടായിരുന്നു. അതില്‍ അപകടത്തില്‍ മരിച്ച നാലു പേരും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെയും അര്‍ധരാത്രിയോടെ യാത്ര പറഞ്ഞു പിരിയുന്നതിന്റെയും ദൃശ്യങ്ങളുണ്ട്. എന്നാല്‍ റൂഫ്ടോപ്പില്‍ നടന്ന പാര്‍ട്ടിയില്‍ എന്തൊക്കെയാണ് സംഭവിച്ചതെന്ന കാര്യത്തിലുള്ള ദുരൂഹത നീക്കാനാണ് കായലിലെറിഞ്ഞ ഡി വി ആര്‍ കണ്ടെടുത്ത് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമിക്കുന്നത്. കായലില്‍ ആഴ്ചകള്‍ കിടന്ന ഡി വി ആര്‍ ലഭിച്ചാലും അതില്‍ നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാല്‍ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാനാകില്ലെന്നാണ് പോലീസിന് ലഭിച്ച വിദഗ്‌ധോപദേശം.
അതേസമയം അപകടത്തില്‍ പെട്ട കാര്‍ ഓടിച്ചിരുന്ന മാള സ്വദേശി അബ്ദു റഹ്്മാനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. മോഡലുകളുമായുള്ള ബന്ധം, നമ്പര്‍ 18 ഹോട്ടലില്‍ വരാനുണ്ടായ സാഹചര്യം, ഹോട്ടലുടമയുമായുള്ള അടുപ്പം, ഡി ജെ പാര്‍ട്ടിക്കിടെയുണ്ടായ സംഭവങ്ങള്‍, പാര്‍ട്ടിയില്‍ മയക്കുമരുന്നുപയോഗം നടന്നോ, ഔഡി കാറില്‍ പിന്തുടര്‍ന്ന ഷൈജു തങ്കച്ചനുമായി ഹോട്ടലില്‍ വെച്ചും യാത്രക്കിടെ കുണ്ടന്നൂരില്‍ വെച്ചും നടത്തിയ ആശയവിനിമയം തുടങ്ങി എല്ലാ കാര്യങ്ങളിലും അബ്ദു റഹ്്മാനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വ്യക്തത വരുത്തിയാണ് വിട്ടയച്ചത്. കേസിലെ മുഖ്യപ്രതിയായ അബ്ദ റഹ്്്മാനെതിരെ മദ്യപിച്ച് അമിതവേഗത്തില്‍ കാറോടിച്ച് അപകടം വരുത്തിവെച്ചതിന് മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്. ആശുപത്രിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
അറസ്റ്റിലായ ജാമ്യത്തിലിറങ്ങിയ ഹോട്ടല്‍ ജീവനക്കാരും ജാമ്യവ്യവസ്ഥയനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി. എന്നാല്‍ ഹൃദയസംബന്ധമായ അസുഖമുള്ള ഹോട്ടലുടമ റോയ് വയലാട്ടില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് പോലീസിനെ അറിയിച്ചു.

 

 

Latest News