റിയാദ് - മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹിയെ മന്ത്രാലയ ആസ്ഥാനത്ത് വനിത കുരവയിട്ട് സ്വാഗതം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി മന്ത്രാലയ വൃത്തങ്ങള്‍.
മന്ത്രാലയ ഉദ്യോഗസ്ഥരില്‍ ഒരാളുടെ ഭാഗത്തുണ്ടായ വ്യക്തിപരമായ തീരുമാനമാണ് സംഭവത്തിന് പിന്നില്‍. ബന്ധപ്പെട്ട വകുപ്പുമായി മുന്‍കൂട്ടി ഏകോപനം നടത്താതെയാണ് ഈ ഉദ്യോഗസ്ഥന്‍ മന്ത്രിയെ സ്വാഗതം ചെയ്യാന്‍ വനിതയെ ക്ഷണിച്ചത്. ഇതിന് കാരണക്കാരനായ ഉദ്യോസ്ഥനെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി മന്ത്രാലയ ആസ്ഥാനത്ത് പ്രവേശിക്കുന്നതിനിടെ മന്ത്രിയെ സ്വാഗതം ചെയ്തും പ്രകീര്‍ത്തിച്ചും വനിത ഉച്ചത്തില്‍ കവിതാലാപനം നടത്തുകയും കുരവയിടുകയുമായിരുന്നു.
ലോക പുരുഷാദിനത്തോടനുബന്ധിച്ചായിരുന്നു മന്ത്രിയെ തന്നെ ഞെട്ടിച്ച സ്വീകരണ ചടങ്ങ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ സംഘടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.