Sorry, you need to enable JavaScript to visit this website.

കുരുമുളക് വില ഉയർന്നു തന്നെ, റബറിന് കടുത്ത ക്ഷാമം

കുരുമുളക് കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണ്  കുരുമുളകിന്റെ വിലക്കയറ്റം. തിങ്കളാഴ്ച 49,700 ൽ വിൽപനക്ക് തുടക്കം കുറിച്ച ഗാർബിൾഡ് മുളക് വാരാവസാനം 54,300 രൂപയിലെത്തി. ഒരു മാസത്തിനിടയിൽ ക്വിന്റലിന് 10,000 രൂപയുടെ കുതിപ്പ് കുരുമുളക് കാഴ്ചവെച്ചു. പ്രതികൂല കാലാവസ്ഥ കൃഷിയെ ബാധിച്ചതിനാൽ അടുത്ത വർഷം ചരക്ക് ക്ഷാമം നേരിടുമെന്ന കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തെക്കൻ കേരളത്തിൽ നിന്നുള്ള മൂപ്പ് കുറഞ്ഞ കുരുമുളക് വരവിനെ ആശ്രയിച്ചാവും ഇനി വിപണിയുടെ ചലനങ്ങൾ. ഒലിയോറസിൻ നിർമാണത്തിനുള്ള ലൈറ്റ് പെപ്പർ ഉൽപാദനം കുറഞ്ഞാൽ സ്വാഭാവികമായും വ്യവസായികൾ ഇന്തോനേഷ്യയിലേക്ക് തിരിയാം. എന്നാൽ അവിടെ സീസൺ ആരംഭിക്കാൻ മാസങ്ങൾ കാത്തിരിക്കണം. ലൈറ്റ് പെപ്പറിന് ഇക്കുറി ഉയർന്ന വില ഉറപ്പ് വരുത്താനാവുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 47,700 നിന്ന് 52,300 രൂപയായി. 


അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6800 ഡോളറാണ്. രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെട്ടെങ്കിലും പുതിയ വിദേശ കച്ചവടങ്ങൾ ഉറപ്പിച്ചതായി സൂചനയില്ല. മലേഷ്യ 5200 ഡോളറിനും ബ്രസീൽ 4300 ഡോളറിനും വിയറ്റ്‌നാം 4390 ഡോളറിനും ഇന്തോനേഷ്യ 4500 ഡോളറിനും ക്വട്ടേഷൻ ഇറക്കി. 
മലയോര മേഖലയിൽ ഏലക്ക വിളവെടുപ്പ് പുരോഗമിച്ചതോടെ ചെറുകിട കർഷകർ പുതിയ ചരക്ക് കരുതൽ ശേഖരത്തിലേക്ക് നീക്കാൻ ഉത്സാഹിച്ചു. അൽപം കാത്തിരുന്നാൽ കുരുമുളകിലെ വിലക്കയറ്റം ഏലക്കയിലും അലയടിക്കുമെന്ന പ്രതീക്ഷകയിലാണ് തോട്ടം മേഖല. ലേല കേന്ദ്രങ്ങളിൽ പുതിയ ചരക്ക് ഇറങ്ങുന്നുണ്ടങ്കിലും വരവ് ശക്തമല്ല. ഓഫ് സീസണിൽ വില ഉയരാൻ ഇടയുണ്ട്. ആഭ്യന്തര മാർക്കറ്റിൽ മാത്രമല്ല, വിദേശത്തും ഏലത്തിന്  ഡിമാന്റ് ശക്തമാണ്. വാരാന്ത്യം മികച്ചയിനങ്ങൾ കിലോ 1554 രൂപയിലും ശരാശരി ഇനങ്ങൾ 1047 രൂപയിലുമാണ്.   


തണുപ്പ് കാലമായെങ്കിലും വടക്കെ ഇന്ത്യയിൽ നിന്നും ചുക്കിന് കാര്യമായ ഓർഡറുകളില്ല. നേരത്തെ ഉറപ്പിച്ച കച്ചവടങ്ങൾ മുൻനിർത്തി ഇടപാടുകാർ ചുക്ക് ശേഖരിച്ചു. അറബ് രാജ്യങ്ങൾ ചുക്കിൽ താൽപര്യം കാണിച്ചതായാണ് വിവരം, എന്നാൽ വിദേശ കച്ചവടങ്ങളെ കുറിച്ച് കയറ്റുമതി സമൂഹം നിശ്ശബ്ദത പാലിച്ചു. ഇടത്തരം ചുക്ക് 16,500 രൂപയിലും മീഡിയം ചുക്ക് 17,500 രൂപയിലുമാണ്. 
തെളിഞ്ഞ കാലാവസ്ഥയ്ക്ക് വേണ്ടി മനസ്സുരുകി പ്രാർത്ഥിക്കുകയാണ് ടയർ ലോബി. ടാപ്പിങ് സീസണാണെങ്കിലും പ്രതികൂല കാലാവസ്ഥ നിമിത്തം  റബർ വെട്ട് നിലച്ചിട്ട് ആഴ്ചകളായി. ഉൽപാദകരുടെ കൈവശം റബർ ഷീറ്റ് സ്‌റ്റോക്കില്ലാത്ത അവസ്ഥയിലാണ്. ഇതിനിടയിൽ  രാജ്യാന്തര വില ഉയർന്നത് വ്യവസായികളെ സമ്മർദത്തിലാക്കി. നാലാം ഗ്രേഡ് റബറിന് 500 രൂപ ഉയർന്ന് 18,500 രൂപയായി. അഞ്ചാം ഗ്രേഡ് 17,400-17,800 രൂപയിൽ നിന്ന് 17,900-18,300 രൂപയായി. 


തമിഴ്‌നാട്ടിലെ വൻകിട മില്ലുകാർ കൊപ്ര സംഭരണം കുറച്ചത് ഉൽപാദകരെ സമ്മർദത്തിലാക്കി. വെളിച്ചെണ്ണക്ക് ആവശ്യം ഉയരാഞ്ഞതിനാൽ കൊപ്ര വാങ്ങാൻ മില്ലുകാർ താൽപര്യം കാണിച്ചില്ല. കാങ്കയത്ത് കൊപ്ര ക്വിന്റലിന് 100 രൂപ കുറഞ്ഞ് 10,100 രൂപയായി. കൊച്ചിയിൽ മൂന്നാം വാരവും വെളിച്ചെണ്ണ 16,400 രൂപയിലും കൊപ്ര 10,050 രൂപയിലുമാണ്. 
കേരളത്തിൽ സ്വർണ വില താഴ്ന്നു. പവൻ 36,880 രൂപയിൽ നിന്ന് 36,920 വരെ കയറിയ ശേഷം ശനിയാഴ്ച 36,600 ലാണ്. ഗ്രാമിന് വില 4575 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ മഞ്ഞലോഹം സെല്ലിങ് മൂഡിലായി. മുൻവാരം സൂചിപ്പിച്ചതാണ് വിപണി ദുർബലമാകുമെന്ന കാര്യം. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1865 ഡോളറിൽ നിന്ന് 1870 ലേയ്ക്ക് അടുത്ത അവസരത്തിലെ വിൽപന സമ്മർദം സ്വർണത്തെ 1842 ഡോളർ വരെ താഴ്ത്തിയ ശേഷം ക്ലോസിങിൽ 1845 ലാണ്. 
ഈ വാരം സെല്ലിങ് പ്രഷർ ശക്തമായാൽ സ്വർണം 1830-1808 ഡോളറിലേക്ക് സാങ്കേതിക പരീക്ഷണം നടത്താം. 

Latest News