Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ യുവാവിന് സിങ്കപൂരില്‍ 24 ചാട്ടയടിയും  8 വര്‍ഷത്തെ ദുര്‍ഗുണ പരിഹാരവും ശിക്ഷ

സിങ്കപൂര്‍ സിറ്റി- സാമുറായ് വാള്‍, ബാറ്റന്‍ തുടങ്ങിയ ആയുധങ്ങള്‍ വിതരണം ചെയ്ത കുറ്റത്തിന് സിങ്കപൂര്‍ കോടതി ഇന്ത്യന്‍ വംശജനായ 26കാരനെ 24 ചാട്ടയടിക്കും എട്ടു വര്‍ഷത്തെ ദുര്‍ഗുണ പരിഹാര പരിശീലനത്തിനും ശിക്ഷിച്ചു. 2018ലെ ഒരു വെട്ടുകേസിലാണ് പ്രതി അര്‍ജുന്‍ രത്‌നവേലു ശിക്ഷിക്കപ്പെട്ടത്. ശിക്ഷാ ഇളവ് കാലത്ത് വീണ്ടും കുറ്റം ചെയ്തതിന് 360 ദിവസം അധിക ജയില്‍ ശിക്ഷ കൂടി പ്രതി അനുഭവിക്കണമെന്ന് കോടതി വിധിച്ചു. ദുര്‍ഗുണ പരിഹാര പരിശീലനം എന്ന ശിക്ഷ കഠിന തടവിനു സമാനമാണ്. സല്‍സ്വഭാവി ആയി മാറിയാലും കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് മോചന സാധ്യത കുറവാണ്.

അര്‍ജുന്‍ ഉള്‍പ്പെട്ട സംഘം ദിനേശ് ശെല്‍വരാജ എന്ന ഇന്ത്യന്‍ വംശജനായ മറ്റൊരു യുവാവിനെ 2018ല്‍ വെട്ടിയതാണ് കേസ്. ദിനേശിനോട് അര്‍ജുന് മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. അര്‍ജുന്‍ നല്‍കിയ വാളും ബാറ്റണും ഉപയോഗിച്ച് സംഘം ദിനേശിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ദിനേശിന്റെ പാദം അറ്റിരുന്നു. ആയുധങ്ങളെല്ലാം പോലീസ് പിടിച്ചെടുത്തു. ഈ കേസിനു പുറമെ മറ്റു പല കുറ്റകൃത്യങ്ങളിലും അര്‍ജുന് പങ്കുള്ളതായും പോലീസ് കണ്ടെത്തി.
 

Latest News