ബിനാമി ബിസിനസ്: സൗദി കിഴക്കന്‍ പ്രവിശ്യയിലും വ്യാപക പരിശോധന

ദമാം - കിഴക്കന്‍ പ്രവിശ്യ വാണിജ്യ മന്ത്രാലയ ശാഖക്കു കീഴില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സംയുക്ത സംഘങ്ങള്‍ ബിനാമി ബിസിനസ് കണ്ടെത്താന്‍ വ്യാപക പരിശോധനകള്‍ ആരംഭിച്ചു. മൂന്നു ദിവസത്തിനിടെ കിഴക്കന്‍ പ്രവിശ്യയിലെ 1,461 വ്യാപാര സ്ഥാപനങ്ങളിലാണ് സംയുക്ത സംഘങ്ങള്‍ പരിശോധനകള്‍ നടത്തിയത്.

ബിനാമി ബിസിനസ് പ്രവണത കൂടുതലാണെന്ന് സംശയിക്കുന്ന വ്യാപാര മേഖലകളിലും സൂഖുകളിലുമായിരുന്നു റെയ്ഡുകള്‍. 447 നിയമ ലംഘനങ്ങള്‍ കണ്ടെത്തി.
വാണിജ്യ മന്ത്രാലയം, മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി, പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം എന്നിവ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം റെയ്ഡുകളില്‍ പങ്കാളിത്തം വഹിക്കുന്നു.

ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 1900 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ എല്ലാവരും റിപ്പോര്‍ട്ട് ചെയ്യണമെന്ന് കിഴക്കന്‍ പ്രവിശ്യ വാണിജ്യ മന്ത്രാലയ ശാഖ ആവശ്യപ്പെട്ടു. ബിനാമി ബിസിനസുകള്‍ നടത്തുന്നവര്‍ക്ക് പദവി ശരിയാക്കാന്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഫെബ്രുവരി 16 വരെ തുടരും.

 

Latest News