സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കി സൈബര്‍ തട്ടിപ്പ്, സൗദിയില്‍ വിദേശികളടക്കം നാല് പേര്‍ പിടിയില്‍

റിയാദ് - സൗദിയില്‍ നാലംഗ തട്ടിപ്പ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. സൗദി യുവാവും മൂന്നു പാക്കിസ്ഥാനികളുമാണ് അറസ്റ്റിലായത്. സൗദി യുവാവിനെ റിയാദില്‍ നിന്നും പാക്കിസ്ഥാനികളെ ജിദ്ദയില്‍നിന്നുമാണ് പിടികൂടിയത്.  

കറന്‍സികളും ഓഹരികളും ക്രയവിക്രയങ്ങള്‍ ചെയ്യുന്നതിനുള്ള വ്യാജ ലിങ്കുകളും ഇതോടൊപ്പം ഇരകളുടെ വിശ്വാസം ആര്‍ജിക്കുന്നതിന് പ്രമുഖ ചാനലുകളുടെ ലോഗോകളും പ്രശസ്തരായ വ്യക്തികളുടെ ഫോട്ടോകളും അടങ്ങിയ പരസ്യങ്ങളും പ്രചരിപ്പിച്ച് ഇരകളുടെ വിവരങ്ങള്‍ കൈക്കലാക്കി ഇ-വക്കാലകള്‍ ഇഷ്യു ചെയ്ത് അവ ഉപയോഗിച്ച് ആളുകളുടെ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുകയാണ് സംഘം ചെയ്തിരുന്നത്. കൈക്കലാക്കുന്ന പണം വിദേശത്തെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു സംഘത്തിന്റെ പതിവ്.

തട്ടിപ്പുകള്‍ നടത്താന്‍ ആവശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്തിരുന്നത് പാക്കിസ്ഥാനികളായിരുന്നു. സമാന രീതിയില്‍ 70 ലക്ഷം റിയാല്‍ സംഘം തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചിരുന്ന, പ്രാദേശിക ടെലികോം കമ്പനികളുടെ പേരിലുള്ള 1,159 സിം കാര്‍ഡുകളും 25 മൊബൈല്‍ ഫോണുകളും വിരലടയാള റീഡിംഗ് മെഷീനുകളും കംപ്യൂട്ടറുകളും പണവും പ്രതികളുടെ പക്കല്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.

 

 

Latest News