Sorry, you need to enable JavaScript to visit this website.

നജ്‌റാന്‍ എയര്‍പോര്‍ട്ടില്‍ ഡ്രോണ്‍ ആക്രമണ ശ്രമം; സൗദി സൈന്യം വെടിവെച്ചിട്ടു

റിയാദ് - ദക്ഷിണ സൗദിയിലെ നജ്‌റാന്‍ വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന വിഫലമാക്കി.

ഞായറാഴ്ച രാത്രിയാണ്  ഹൂത്തികള്‍ ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചത്. സന്‍ആ എയര്‍പോര്‍ട്ടില്‍ നിന്ന് അയച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സൗദി സൈന്യം കണ്ടെത്തി തകര്‍ക്കുകയായിരുന്നു. തകര്‍ന്ന ഡ്രോണ്‍ ഭാഗങ്ങള്‍ നജ്‌റാന്‍ അല്‍അരീസ ഡിസ്ട്രിക്ടില്‍ ചിതറിത്തെറിച്ചു. ഇവ പതിച്ച് ആര്‍ക്കും പരിക്കേറ്റിട്ടില്ല.

മാരിബിന് തെക്ക് ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമവും വിഫലമാക്കിയതായി സഖ്യസേന പറഞ്ഞു. ഇരുപത്തിനാലു മണിക്കൂറിനിടെ ഹൂത്തി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സഖ്യസേന 25 വ്യോമാക്രമണങ്ങള്‍ നടത്തി. ഇതിനിടെ 150 ലേറെ ഹൂത്തി ഭീകരര്‍ കൊല്ലപ്പെട്ടു.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകള്‍ ഉപയോഗിച്ച് ചെങ്കടലിന് തെക്ക് ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തികള്‍ ഒരുക്കങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആഗോള സമുദ്ര ഗതാഗതത്തിനും വ്യാപാരത്തിനും ഭീഷണി സൃഷ്ടിച്ച് ആസന്നമായ ആക്രമണങ്ങള്‍ക്ക് ഹൂത്തികള്‍ കോപ്പുകൂട്ടുകയാണ്. ആഗോള കപ്പല്‍ ഗതാഗത സുരക്ഷ ഉറപ്പുവരുത്താനും ഹൂത്തികളുടെ ആക്രമണ ഭീഷണി നിര്‍വീര്യമാക്കാനും സൈനിക നടപടികള്‍ സ്വീകരിച്ചതായും സഖ്യസേന പറഞ്ഞു.

 

 

Latest News