ലഖ്‌നൗ- കാര്‍ഷിക വിളകളുടെ മിനിമം താങ്ങു വില ഉറപ്പാക്കുന്നതിന് നിയമം കൊണ്ടുവന്നേ മതിയാകൂ എന്ന മുന്നറിയിപ്പുമായി യുപി തലസ്ഥാനമായ ലഖ്‌നൗവില്‍ കര്‍ഷകരുടെ മഹാപഞ്ചായത്ത്. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചെങ്കിലും മറ്റാവശ്യങ്ങള്‍ കൂടി അംഗീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. സമരം തുടരുന്നതു സംബന്ധിച്ച തീരുമാനം ഈ ആഴ്ച തന്നെ ഉണ്ടാകും. എന്നാല്‍ മിനിമം താങ്ങുവില ഉറപ്പു നല്‍കുന്ന നിയമം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തിങ്കളാഴ്ച ലഖ്‌നൗവില്‍ ചേര്‍ന്ന മഹാപഞ്ചായത്ത് പ്രഖ്യാപിച്ചു.
താങ്ങുവില ഉറപ്പു നല്‍കുക എന്നത് വളരെ പ്രധാനപ്പെട്ട ആവശ്യമാണ്. അത് അംഗീകരിക്കേണ്ടതുണ്ട്. മിനിമം താങ്ങുവിലയും അതിനേക്കാള്‍ താഴ്ന്ന വിലകളും പാവപ്പെട്ടവരേയും സമ്പന്നരേയും എല്ലാം ബാധിക്കുന്നതാണ്- കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞു.
ലഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്ത കര്‍ഷകരെ വാഹനം ഇടിച്ചു കയറ്റി കൂട്ടുക്കൊല ചെയ്ത സംഭവത്തില്‍ സര്‍ക്കാരിന്റെ നടപടികളില്‍ തങ്ങള്‍ തൃപ്തരല്ലെന്നും കര്‍ഷകര്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനമാണ് നാലു കര്‍ഷകരെ ഇടിച്ചു കൊന്നത്. കേസില്‍ ഒന്നാം പ്രതി മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയാണ്. മന്ത്രിയെ പുറത്താക്കാതെ നീതിപൂര്‍വകമായ അന്വേഷണം ഈ കേസില്‍ നടക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു.