ന്യൂദല്‍ഹി- രണ്ട് ഇന്ത്യയെന്ന വിവാദ വീഡിയോയിലൂടെ ഇന്ത്യക്കാര്‍ക്ക് ചിരിക്കാന്‍ പത്ത് വര്‍ഷത്തെ വക നല്‍കിയെന്നും ഇന്ത്യക്ക് ഇനിയും പ്രണയ ലേഖനമെഴുതുമെന്നും പ്രശസ്ത കൊമേഡിയന്‍ വീര്‍ ദാസ്.
യു.എസിലെ വാഷിങ്ടന്‍ കെന്നഡി സെന്ററില്‍ ഷൂട്ട് ചെയ്ത ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ വീര്‍ ദാസ് യുട്യൂബിലും മറ്റും പോസ്റ്റ് ചെയ്തതിനു പിന്നാലെ വന്‍വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. രാജ്യത്തെ വിവിധ സാഹചര്യങ്ങളുടെ രണ്ടു വശങ്ങള്‍ പങ്കുവച്ചുള്ള വിഡിയോ ഏറെ ചര്‍ച്ചയാകുകയും ചെയ്തു. ഇന്ത്യയെ അപമാനിച്ചുവെന്നാണ് വീര്‍ ദാസിനെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശം. തുടര്‍ന്ന് വിഡിയോയുടെ ചില ഭാഗങ്ങള്‍ മാത്രമെടുത്തു പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഇത്തരം ദുഷ്പ്രചാരണത്തില്‍ വീഴരുതെന്നും കാട്ടി വീര്‍ ദാസ് വിശദീകരണക്കുറിപ്പ് ഇറക്കി.
അല്‍പം ഹാസ്യബോധമുള്ള ആര്‍ക്കും തന്റെ വാക്കുകള്‍ മനസ്സിലാകുമെന്നും ഇന്ത്യക്കാരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്നും വീര്‍ ദാസ് പറഞ്ഞു.
30 വയസ്സില്‍ താഴെയുള്ളവര്‍ ഏറ്റവുമധികമുണ്ടായിട്ടും 75 വയസ്സ് പ്രായമുള്ള നേതാക്കളുടെ 150 വര്‍ഷം പഴക്കമുള്ള ആശയങ്ങള്‍ കേള്‍ക്കേണ്ടി വരുന്ന ഒരു ഇന്ത്യയില്‍ നിന്നാണ് ഞാന്‍ വരുന്നത്.
പകല്‍ സമയത്തു സ്ത്രീകളെ ആരാധിക്കുകയും രാത്രിയില്‍ അവരെ പീഡിപ്പിക്കുകയും ചെയ്യുന്ന ഒരു ഇന്ത്യയില്‍ നിന്നാണ് ഞാന്‍ വരുന്നത്.
മാസ്‌ക് ധരിച്ച കുട്ടികള്‍ കൈകള്‍ കോര്‍ത്തു പിടിക്കുകയും മാസ്‌ക് ധരിക്കാത്ത നേതാക്കള്‍ കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ഇന്ത്യയില്‍ നിന്നാണു ഞാന്‍ വരുന്നത്.
തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടായിരുന്നു വീര്‍ദാസിന്റെ ഏകാംഗ അവതരണം.
സമകാലിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിഡിയോയുടെ അവസാനം ഇന്ത്യയ്ക്കു വേണ്ടി കയ്യടിക്കാനുള്ള ആഹ്വാനവുമുണ്ട്.