കോയമ്പത്തൂര്‍- ഐസ്‌ക്രീം നല്‍കി അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 52 കാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ശരവണംപട്ടിയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ രാതി നല്‍കിയതിനെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതി എ. സാഹിര്‍ ഹുസൈനെ അറസ്റ്റ് ചെയ്തു.
കുടുംബത്തോടൊപ്പം വാടക വീട്ടിലാണ് പ്രതി ഹുസൈന്‍ കഴിഞ്ഞിരുന്നത്. ഇയാളും അഞ്ചുവയസ്സുകാരിയും അയല്‍വാസികളാണ്. പെണ്‍കുട്ടി വീടിന് പുറത്ത് കൂട്ടുകാരോടൊപ്പം കളിക്കുമ്പോഴാണ് പ്രതി ഐസ്‌ക്രീം വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മറ്റൊരു അയല്‍വാസി സംഭവം ചിത്രീകരിച്ച് ക്ലിപ്പ് അടുത്ത ദിവസം കുട്ടിയുടെ മാതാവിനെ കാണിക്കുകയായിരുന്നു.
ശരവണംപട്ടി പോലീസില്‍ മാതാപിതാക്കള്‍ നല്‍കിയ പരാതി വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ ദൗലത്ത് നിഷയ്ക്ക് കൈമാറി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്ന പോക്‌സോ നിയമത്തിലെ പ്രധാന വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. പോക്‌സോ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.






