സി.എ.എ പിന്‍വലിക്കുന്നില്ലെങ്കില്‍ വീണ്ടും ഷഹീന്‍ ബാഗ്; മുന്നറിയിപ്പുമായി ഉവൈസി

ലഖ്‌നൗ- പൗരത്വ ഭേദഗതി നിയമം (സി.എ.എ) പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടു. സി.എ.എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎംഐഎം ഉത്തര്‍പ്രദേശില്‍ തെരുവിലിറങ്ങുമെന്നും സംസ്ഥാനത്ത് മറ്റൊരു ഷഹീന്‍ ബാഗ് കാണേണ്ടിവരുമെന്നും ഉവൈസി മുന്നറിയിപ്പ് നല്‍കി.

ബാരാബങ്കിയില്‍  പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം  പിന്‍വലിക്കണമെന്നാണ് ബി.ജെ.പി സര്‍ക്കാരിനോട് ആവശ്യപ്പെടാനുളളത്.  മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയ അതേ രീതിയില്‍ സി.എ.എ റദ്ദാക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കണം.ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററുമായി  സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ഞങ്ങള്‍ വീണ്ടും തെരുവിലിറങ്ങും. ഞങ്ങള്‍ ഇവിടെയും ഷഹീന്‍ ബാഗ് തുറക്കുമെന്നും   അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമില്ലാത്തതിനാലാണ് പാര്‍ലമെന്റ് ആരംഭിച്ച് നിയമങ്ങള്‍ റദ്ദാക്കുന്ന ബില്‍ അവതരിപ്പിച്ചാല്‍ മാത്രമേ പിന്മാറൂ എന്ന് പറയുന്നതെന്ന് ഉവൈസി പറഞ്ഞു.മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സി.എ.എ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍100  സീറ്റുകളില്‍  മത്സരിക്കുമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കാന്‍ ചര്‍ച്ച നടത്തിവരികയാണെന്നും പാര്‍ട്ടി അറിയിച്ചു.


 

 

Latest News