യുവതിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ തട്ടിക്കൊണ്ടു  പോയി മര്‍ദിച്ച  നാലു പേര്‍ അറസ്റ്റില്‍

തൊടുപുഴ-യുവതിക്ക് സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശം അയച്ച യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. വണ്ണപ്പുറം കാളിയാര്‍ മറ്റത്തില്‍ തച്ചമറ്റത്തില്‍ വീട്ടില്‍ കൊച്ച് അമ്പിളി എന്നു വിളിക്കുന്ന അനുജിത് മോഹനന്‍ (21), ഇയാളുടെ സഹോദരന്‍ അഭിജിത്ത് മോഹനന്‍ (23), മുതലക്കോടം പഴുക്കാകുളം പഴയരിയില്‍ വീട്ടില്‍ അഷ്‌കര്‍ (23), കോതമംഗലം തങ്കളം വാലയില്‍ വീട്ടില്‍ ജിയോ കുര്യാക്കോസ് (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.യുവതിക്ക് ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശം അയച്ച യുവാവിനെ യുവതിയുടെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു എന്നാണ് കേസ്. ഒന്നാം പ്രതിയായ അനുജിത്തിന്റെ ഭാര്യയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതുമായി ബന്ധപ്പെട്ട് ഉടുമ്പന്നൂര്‍ സ്വദേശിയായ ഇരുപത്തിമൂന്നുകാരനെയാണ് ആറംഗ സംഘം ഇക്കഴിഞ്ഞ 19ന് വൈകിട്ട് ആറോടെ തൊടുപുഴ കെഎസ്ആര്‍ടിസി ജംഗ്‌നില്‍ നിന്നു കാറില്‍ തട്ടിക്കൊണ്ടു പോയത്.ഇയാളെ കോലാനി, മണക്കാട്, കാളിയാര്‍, ഏഴല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെ രാത്രി കൊണ്ടുപോകുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനിടെ പ്രതികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനും ശ്രമിച്ചതായി പോലീസ് പറഞ്ഞു. പിറ്റേന്ന് രാവിലെ, അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ പരാതിയുമായി പ്രതികള്‍ യുവാവിനൊപ്പം തൊടുപുഴ പൊലീസ് സ്‌റ്റേഷനില്‍ എത്തി. ഇയാളുടെ ഫോണ്‍ പരിശോധിച്ച പോലീസ് അശ്ലീല സന്ദേശങ്ങള്‍ കണ്ടെത്തി. യുവാവിന്റെ പേരില്‍ കേസും എടുത്തു.തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴാണ് യുവാവ് ഡോക്ടറോട് മര്‍ദന വിവരവും പീഡന ശ്രമവും പറഞ്ഞത്. ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് സിഐ വിഷ്ണുകുമാര്‍ പറഞ്ഞു. മര്‍ദനമേറ്റ യുവാവ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിനെമര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.
 

Latest News