Sorry, you need to enable JavaScript to visit this website.

സുരക്ഷയില്‍ സൈന്യം വീഴ്ച വരുത്തിയെന്ന് കൊല്ലപ്പെട്ട സേനാ പൈലറ്റിന്റെ പിതാവ്; നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി

ന്യൂദല്‍ഹി- സുരക്ഷയില്‍ വീഴ്ച വരുത്തിയതിന് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ പിതാവ് രാഷ്ട്രപതി റാം നാഥ് കോവിന്ദിന് കത്തയച്ചു. പത്താന്‍കോട്ടിനു സമീപം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു മരിച്ച ക്യാപ്റ്റന്‍ ജയന്ത് ജോഷിയുടെ പിതാവ് ഹരീഷ് ജോഷിയാണ് പരാതിയുമായി രംഗത്തെത്തിയത്. ക്യാപ്റ്റന്‍ ജയന്തിന്റെ മൃതദേഹം അപകടം നടന്ന് രണ്ടര മാസത്തിനു ശേഷമാണ് രഞ്ജിത് സാഗര്‍ ഡാമില്‍ നിന്ന് ലഭിച്ചത്. പതിവു പരിശീലന പറക്കിലിനിടെ ഓഗസ്റ്റ് മൂന്നിനാണ് ക്യാപ്റ്റന്‍ ജയന്തും ലഫ്. കേണല്‍ എഎസ് ഭട്ടും പറത്തിയിരുന്ന കോപ്റ്റര്‍ തകര്‍ന്നുവീണത്. ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ ആഴമേറിയ ഡാമില്‍ ഇരുവരേയും കാണാതായിരുന്നു. 

സൈന്യത്തിന്റെ ആക്രമണ കോപ്റ്ററായ റുദ്ര വിഎസ്‌ഐ കോപ്റ്റര്‍ പൈലറ്റായിരുന്നു ക്യാപ്റ്റന്‍ ജയന്ത്. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററായ രുദ്ര കരസേനയുടെ പ്രധാന ആക്രമണ കോപ്റ്ററാണ്. ശത്രുവിന്റെ കണ്ണില്‍പ്പെടാതിരിക്കാനും വെടിയേല്‍ക്കാതിരിക്കാനും താഴ്ന്നു മാത്രം പറക്കുന്നവയാണ് ഇവ. കരയ്ക്കു മുകളില്‍ മാത്രം പറക്കാനുള്ളവയാണിത്. വെള്ളത്തിനു മുകളില്‍ പറത്താന്‍ ഉള്ളതല്ല. എന്നിട്ടും എന്തിനും ഇവ മതിയായ സുരക്ഷ ഒരുക്കാതെ വെള്ളത്തിനു മുകളില്‍ പറത്തി എന്നാണ് ഹരീഷ് ജോഷിയുടെ ചോദ്യം. 25 കിലോമീറ്റര്‍ നീളവും എ്ട്ടു കിലോമീറ്റര്‍ വീതിയുമുള്ള അതിവിശാലമായ തടാകത്തിനു മുകളിലൂടെ ഈ കോപ്റ്ററുകള്‍ പറത്താന്‍ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിക്കുന്നു. ഇത് അനുവദനീയമാണെങ്കില്‍ പൈലറ്റുമാര്‍ക്ക് എന്തുകൊണ്ട് സുരക്ഷാ സൗകര്യവും രക്ഷപ്പെടാനുള്ള പരിശീലനവും നല്‍കിയില്ലെന്നും അദ്ദേഹം ചോദിക്കുന്നു. 

കരസേനയുടെ ഏവിയേഷന്‍ വിഭാഗത്തിലെ സുരക്ഷാ നടപടികളിലും മുന്‍കരുതലുകളിലുമുള്ള വലിയ വീഴ്ചകള്‍ തുറന്നു കാട്ടുന്നതാണ് ഈ അപകടമെന്നും ഈ അപകടം സേനയുടെ ഉദാസീനതയും പൈലറ്റുമാരുടെ സുരക്ഷയോടുള്ള അവഗണനയും തുറന്നുകാട്ടുന്നതാണെന്നും ഹരീഷ് ജോഷി കത്തില്‍ ചൂണ്ടിക്കാട്ടി. കരസേനാ പൈലറ്റുമാരുടെ സുരക്ഷയ്ക്ക് രാഷ്ട്രപതി ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
 

Latest News