നിയമങ്ങള്‍ ഉണ്ടാക്കും പിന്‍വലിക്കും, വീണ്ടും ഉണ്ടാക്കാന്‍ അധിക സമയമൊന്നും വേണ്ട- ബിജെപി എംപി

സാക്ഷി മഹാരാജ്

ന്യൂദല്‍ഹി- കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തോടുള്ള പ്രതികരണമായി അവ വീണ്ടും കൊണ്ടുവരാന്‍ അധിക സമയമൊന്നും വേണ്ടെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. 'ബില്ലുകള്‍ ഉണ്ടാക്കുന്നു, പിന്‍വലിക്കുന്നു.. വീണ്ടും അവതരിപ്പിക്കുന്നു, രണ്ടാമതും ഉണ്ടാക്കുന്നു. ഇതിന് അധികം സമയമൊന്നും വേണ്ട' എന്നായിരുന്നു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും വിദ്വേഷ പ്രസംഗങ്ങളിലൂടെ ഇടക്കിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നല്‍ക്കാറുമുള്ള സാക്ഷി മഹാരാജിന്റെ പ്രതികരണം. ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ നിന്നുള്ള എംപിയാണ് സാക്ഷി മഹാരാജ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി നിയമങ്ങളേക്കാള്‍ രാജ്യത്തിനാണ് പരിഗണന നല്‍കിയതെന്നും അദ്ദേഹം വിശാല ഹൃദയനാണെന്നും എംപി പറഞ്ഞു. പാക്കിസ്ഥാന്‍ സിന്ദാബാദ്, ഖലിസ്ഥാന്‍ സിന്ദാബാദ് വിളിച്ചവര്‍ക്ക് പ്രധാനമന്ത്രി ചുട്ടമറുപടിയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങള്‍ക്കം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 300ലേറെ സീറ്റ് നേടും. ഇന്ത്യയില്‍ പ്രധാനമന്ത്രി മോഡിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പകരക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ത്ത കേസ്, 2013ലെ കൊലക്കേസ്, ബലാത്സംഗ കേസ് എന്നിവയുള്‍പ്പെടെ 34 ക്രിമിനല്‍ കേസുകള്‍ പ്രതിയാണ് സാക്ഷി മഹാരാജ്. 2011ല്‍ ഒരു കൂട്ടബലാത്സംഗ കേസില്‍ കോടതി കുറ്റമുക്തനാക്കിയിരുന്നു.
 

Latest News