Sorry, you need to enable JavaScript to visit this website.

അതിർത്തി കാത്ത പ്രവാസിക്ക് 104 വയസ്സ്,  മങ്ങാത്ത ഓർമകൾക്കൊരു ബിഗ് സല്യൂട്ട്

സെയ്ദ് ഹസൻ, ഇന്ത്യൻ കരസേനയിൽ നിന്ന് ലഭിച്ച മെഡലുകളും മുദ്രകളും. ഇൻസെറ്റിൽ 

ജിദ്ദ - ഇത് സെയ്ദ് ഹസൻ മുഹ്‌യുദ്ദീൻ. 1887 ൽ മലേഷ്യയിലേക്ക് കുടിയേറിയ കോഴിക്കോട് മാത്തോട്ടത്തെ ഇബ്രാഹിമിന്റെ മകൻ. കഴിഞ്ഞ 21 വർഷമായി ജിദ്ദയിൽ. അതിനു മുമ്പ് ബഹ്‌റൈനിൽ. 
നൂറു കൊല്ലത്തിന്റെ നിറം മങ്ങാത്ത ഓർമകളുടെ കലവറയാണ് സെയ്ദ് ഹസന്റെ ഹൃദയം. പക്ഷേ ബാപ്പ പറഞ്ഞുകേട്ട കോഴിക്കോടൻ ഓർമയേക്കാൾ ആ കലവറയിൽനിന്ന് കണ്ടെടുക്കാനായത് താൻ പിറന്ന സേലം ഗ്രാമത്തിന്റെ ഹരിതാഭമായ ചിത്രങ്ങൾ. 
മലേഷ്യയിലെ ചായത്തോട്ടം സൂപ്രവൈസറായി ജോലി ചെയ്യുന്നതിനിടെ കണ്ടെത്തിയ ആ നാട്ടുകാരിയെ പ്രണയിച്ച് കെട്ടി അവളുടെ കൈ പിടിച്ചാണ് ബാപ്പ കോഴിക്കോട്ടേക്ക് പോകാതെ തമിഴ്‌നാട്ടിലെ സേലത്ത് വണ്ടിയിറങ്ങിയത്. അവിടെ അദ്ദേഹത്തിന് ഫോറസ്റ്റ് ഓഫീസർ ജോലിയും കിട്ടി. 1914 ൽ സെയ്ദ് ഹസൻ ജനിച്ചു. കുട്ടിക്കാലവും പഠനവും സേലത്ത് തന്നെ -തമിഴ് പുരണ്ട ഉർദു വാക്കുകൾ കൂട്ടിക്കലർത്തി സെയ്ദ് ഹസൻ ഓർമയുടെ ചുരുളഴിച്ചു. 
മലേഷ്യക്കാരിയായ ഉമ്മയെക്കുറിച്ച് നനുത്ത ഓർമകളേ അയവിറക്കാനുണ്ടായിരുന്നുള്ളൂ. ആയാസപ്പെട്ടാണെങ്കിലും ആവേശത്തോടെയുള്ള സംസാരത്തിനിടെ ആ സ്മരണകളിലൊരു കളിക്കളമുയർന്നു. അവിടെ കായിക ഇന്ത്യയുടെ യശസ്സുയർത്തിയ അലഹബാദുകാരൻ ധ്യാൻചന്ദ് ഹോക്കി സ്റ്റിക്കുമായി നിന്നു. അതെ, ധ്യാൻചന്ദിനൊപ്പം ഇന്ത്യൻ ടീമിന്റെ കുപ്പായമണിഞ്ഞ താരമായിരുന്നു സെയ്ദ് ഹസൻ. പഠനം മുഴുമിക്കും മുമ്പെ ഇന്ത്യൻ കരസേനയിൽ ജോലി കിട്ടി. 
1939. രണ്ടാം ലോകമഹായുദ്ധം. ജർമൻ സഖ്യകക്ഷികൾക്കെതിരെയുള്ള ഇന്ത്യ-ബ്രിട്ടൻ-സോവ്യറ്റ് സംയുക്ത യുദ്ധമുഖത്ത് സെയ്ദ് ഹസന്റേയും കൂട്ടുകാരുടേയും ബറ്റാലിയൻ. ഈജിപ്ത്, ലിബിയ, സുഡാൻ തുടങ്ങിയ ഉത്തരാഫ്രിക്കൻ രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ട്രൂപ്പിലെ അംഗമായിരുന്നു സെയ്ദ് ഹസൻ. യുദ്ധാനന്തരം ഉത്തരേന്ത്യയിലെ അതിർത്തി ക്യാമ്പുകളിൽ. ഇരുപത്തഞ്ച് വർഷത്തിലധികം ഇന്ത്യൻ അതിർത്തി സംരക്ഷിച്ച വീരകഥ അയവിറക്കുമ്പോൾ, കൊച്ചുകുട്ടികളെപ്പോലെ അദ്ദേഹം മോണ കാട്ടി ചിരിച്ചു. ഇടയ്ക്ക് കണ്ണുകൾ നിറഞ്ഞു. സഹായിയായ ലഖ്‌നൗ സ്വദേശി മുഹമ്മദ് മുസ്‌ലിമും മകനും ജിദ്ദ എൻ.സി.ബിയിലെ മുൻ ഉദ്യോഗസ്ഥനുമായ ഇബ്രാഹിം അൽബിസും കഥകൾ തുടരാൻ സഹായിച്ചു. പട്ടാള സേവനത്തിന് അംഗീകാരമായി നിരവധി മുദ്രകളും മെഡലുകളും തുരുമ്പെടുക്കാതെ ജിദ്ദ ഓൾഡ് എയർപോർട്ട് റോഡിലെ ഇമാറാത്ത് ബിൽഡിംഗിലെ ഫഌറ്റിലുണ്ട്. പട്ടാളക്കഥകൾ പരസ്യമാക്കുന്നത് ഡിസിപ്ലിന് വിരുദ്ധമാണെന്ന് ഇടയ്ക്ക് അദ്ദേഹം ഓർമിപ്പിച്ചു.
ഇന്ത്യാ വിഭജനകാലത്ത് കറാച്ചിയിലായിരുന്നതിനാൽ പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. നാലു മക്കൾ. ഭാര്യ 1986 ൽ മരണപ്പെട്ടപ്പോൾ ഏകാന്തത അകറ്റാനായി മക്കളോടൊപ്പം ഗൾഫ് നാടുകളിൽ. ഇബ്രാഹിമുൾപ്പെടെയുള്ള എല്ലാ മക്കളുടെയും കുടുംബം കാനഡയിലെ മോൺട്രിയോളിലാണ് താമസം. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. പ്രാർഥനയും ഖുർആൻ പാരായണവുമായി, റഫിയുടെ ഗാനങ്ങളിൽ മുഴുകി 105 ലേക്ക് കടക്കുന്ന ജീവിതം ഹാപ്പി. 
സേലവും കറാച്ചിയും കാനഡയും ജിദ്ദയുമെല്ലാം രണ്ടാം ജന്മനാട് പോലെയെന്ന് കരുതുന്ന, ഇന്ത്യൻ ആർമിയിലെ റിട്ടയേഡ് ലെഫ്റ്റനന്റ് സെയ്ദ് ഹസൻ മുഹ്‌യുദ്ദീൻ എന്ന നൂറ്റാണ്ടിന്റെ സഹയാത്രികന് നൽകാം, ഒരു ബിഗ് സല്യൂട്ട്.  

Latest News