Sorry, you need to enable JavaScript to visit this website.

യുഎഇ രാജകുമാരി തീവ്രവാദി എന്നു വിശേഷിപ്പിച്ച ഇന്ത്യന്‍ ചാനല്‍ മേധാവിയെ അബുദബി പരിപാടിയില്‍ നിന്ന് മാറ്റി

ന്യൂദല്‍ഹി- മുസ്‌ലിം വിരുദ്ധ വിദ്വേഷ വാര്‍ത്തകള്‍ അവതരിപ്പിച്ച് വിവാദപാത്രമായ സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫും സിഇഒയുമായ സുധീര്‍ ചൗധരിയെ അബുദബിയില്‍ നടക്കാനിരിക്കുന്ന പരിപാടിയില്‍ നിന്ന് മാറ്റി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ അബുദബി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക സെമിനാറില്‍ സംസാരിക്കാനായിരുന്നു സുധീര്‍ ചൗധരിയെ സംഘാടകര്‍ ക്ഷണിച്ചിരുന്നത്. ഇതിനെതിരെ യുഎഇ രാജകുമാരി ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിം പരസ്യ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. എന്തിന് ഒരു തീവ്രവാദിയെ സമാധാനത്തിന്റെ നാടായ യുഎഇയിലേക്ക് കൊണ്ടു വരുന്നു എന്ന ചോദ്യവുമായി രൂക്ഷമായാണ് ഹിന്ദ് പ്രതികരിച്ചത്. സുധീര്‍ ചൗധരിയുടെ മുസ്‌ലിം വിരുദ്ധത എണ്ണിപ്പറഞ്ഞ് ഇവര്‍ നിരവധി കുറിപ്പുകളും ട്വീറ്റ് ചെയ്തിരുന്നു. മുസ്ലിംകള്‍ക്കെതിരെ വിഷം തുപ്പിയ ആളാണ് സുധീര്‍ എന്നും മുസ്ലിംകള്‍ക്കെതിരെ നിരവധി വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ട ആളാണെന്നും അവര്‍ ട്വീറ്റുകളില്‍ ആരോപിച്ചിരുന്നു. 

ഇതിനു പിന്നാലെയാണ് സുധീര്‍ ചൗധരിയെ പരിപാടിയില്‍ നിന്ന് സംഘാടകര്‍ മാറ്റി എന്ന് ഹിന്ദ് ട്വിറ്ററിലൂടെ അറിയിച്ചത്. സുധീറിനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധം അറിയിച്ചും അദ്ദേഹത്തെ മാറ്റി നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് അബുദബി ചാപ്റ്റര്‍ ഐസിഎഐ അംഗങ്ങള്‍ സമിതി ചെയര്‍മാന് അയച്ച കത്തും ഹിന്ദ് ട്വിറ്ററില്‍ പങ്കുവച്ചു. സുധീര്‍ ചൗധരിയെ ഈ പരിപാടിക്ക് ക്ഷണിച്ചതിനോട് വിയോജിക്കുന്നുവെന്നും നിരാശയുണ്ടെന്നും കത്തില്‍ അംഗങ്ങള്‍ പറയുന്നു. സുധീര്‍ ചൗധരി ഒരു പ്രമുഖ ടിവി വ്യക്തിത്വമാണെങ്കിലും അദ്ദേഹം പത്രപ്രവര്‍ത്തന ചട്ടങ്ങള്‍ക്ക് നിരക്കാത്ത ക്രിമിനല്‍ ദുഷ്പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ആളാണെന്നും കത്തില്‍ അബുദബി ചാപ്റ്റര്‍ ഐസിഎഐ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. 

Latest News