ഇന്ത്യ- സിംഗപ്പൂര്‍ സര്‍വീസ് 29 മുതല്‍, ദിവസം ആറ് വിമാനം

ന്യൂദല്‍ഹി- കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയവരെ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന വാക്‌സിനേറ്റഡ് ട്രാവല്‍ ലെയ്ന്‍ (വി.ടി.എല്‍) പ്രോഗ്രാമിന് കീഴില്‍ സിംഗപ്പൂര്‍-ഇന്ത്യ വിമാന സര്‍വീസ് 29 മുതല്‍ ആരംഭിക്കും. ചെന്നൈ, ദല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍നിന്നായി പ്രതിദിനം ആറ് വിമാനങ്ങളാണ് സര്‍വീസ് നടത്തുക.
യാത്രാ വിമാനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായി ധാരണയിലെത്തിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് സിംഗപ്പൂര്‍ (സി.എ.എ.എസ്) അറിയിച്ചു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ സിംഗപ്പൂര്‍ ഗതാഗത മന്ത്രി എസ്. ഈശ്വരനുമായി യാത്രാ ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ്  പ്രഖ്യാപനം.
രണ്ട് വാക്‌സിനുമെടുത്തവര്‍ക്ക് ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് യാത്ര ചെയ്യാമെന്നും ക്വാറന്റൈന്‍ ഉണ്ടാവില്ലെന്നും അധികൃതര്‍ പറഞ്ഞു.  
വിമാനക്കമ്പനികള്‍ക്ക് വി.ടി.എല്‍ ഇതര വിമാന സര്‍വീസും നടത്താമെങ്കിലും  യാത്രക്കാര്‍ സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ നിബന്ധനകള്‍ പാലിക്കേണ്ടിവരും. വ.ടി.എല്‍, നോണ്‍വിടിഎല്‍ വിമാനങ്ങളുടെ ഷെഡ്യൂളുകള്‍ ഉടന്‍ തന്നെ വിമാന കമ്പനികള്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്നു.
വി.ടി.എല്ലിനു കീഴില്‍ ഹ്രസ്വകാല സന്ദര്‍ശകരും സിംഗപ്പൂര്‍ താമസ വിസയുള്ളവരും വാക്‌സിനേറ്റഡ് ട്രാവല്‍ പാസിന് അപേക്ഷിക്കണം. ഇന്ത്യക്കു പുറമെ  മലേഷ്യ, ഇന്തോനേഷ്യ, ഫിന്‍ലാന്‍ഡ്, സ്വീഡന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഹ്രസ്വകാല സന്ദര്‍ശകര്‍ക്കും താമസ വിസക്കാര്‍ക്കും വി.ടി.പിക്കുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ നല്‍കി തുടങ്ങാം.
പൂര്‍ണമായി വാക്‌സിനേഷന്‍ എടുത്ത യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ഇല്ലാതെ തന്നെ സിംഗപ്പൂരിലേക്ക് പ്രവേശിക്കാം. കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായിരിക്കണമെന്നതു മാത്രമാണ് നിബന്ധന. വാക്‌സിനേഷന്‍ എടുക്കാത്ത 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെയും അനുഗമിക്കാന്‍ അനുവദിക്കും.
വി.ടി.എല്‍  യാത്രക്കാര്‍ രണ്ട് കോവിഡ് ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ട്. യാത്ര പുറപ്പെടുന്നതിനു മുമ്പ് ടെസ്റ്റ് നടത്തി നേടിയ സര്‍ട്ടിഫിക്കറ്റിനുപുറമെ ചാംഗി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാല്‍ വീണ്ടും ടെസ്റ്റ് നടത്തണം. നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ സ്വയം ക്വാറന്റൈനില്‍ പോകുകയും വേണം.  രണ്ടു വയസ്സും അതിനു താഴെയും പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് ടെസ്റ്റ് ആവശ്യമില്ല.

 

Latest News