Sorry, you need to enable JavaScript to visit this website.

9 പേരെ കൊന്ന് പാലത്തില്‍ കെട്ടിത്തൂക്കി; ലഹരി സംഘങ്ങളുടെ അതിർത്തി പോരെന്ന് സൂചന

മെക്‌സിക്കോ സിറ്റി- മെക്‌സിക്കോയിലെ പ്രധാന മയക്കുമരുന്ന് കടത്ത് കേന്ദ്രമായ സകാതെകാസില്‍ ഒരു പാലത്തില്‍ ഒമ്പതു പേരെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ഒരാളുടെ മൃതദേഹം നടപ്പാതയിലും കണ്ടെത്തി. ലഹരി മാഫിയാ സംഘങ്ങളുടെ അതിർത്തി പോരാണ് 10 പേരുടെ കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. സിയുദാദ് കുവാവുതെമോകിലെ ഒരു അണ്ടര്‍പാസിലാണ് മൃതദേഹങ്ങള്‍ കെട്ടിത്തൂക്കിയ നിലയില്‍ വ്യാഴാഴ്ച കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരെല്ലാം പുരുഷന്‍മാരാണ്. 

തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ എതിരാളി സംഘങ്ങള്‍ ശ്രമിക്കുന്നത് തടയുന്നതിനുള്ള മുന്നറിയിപ്പായി ലഹരി മാഫിയാ സംഘങ്ങള്‍ ഇങ്ങനെ ചെയ്യാറുണ്ടെന്നാണ് റിപോര്‍ട്ട്. യുഎസ് അതിര്‍ത്തിയിലേക്ക് മയക്കുമരുന്ന് കടത്തുന്നതിന് മാഫിയാ സംഘങ്ങള്‍ ഉപയോഗിക്കുന്ന പ്രധാന കേന്ദ്രമാണ് മധ്യമെക്‌സിക്കന്‍ സംസ്ഥാനമായ സകാതെകാസ്.

എതിരാളികളായ മാഫിയാ സംഘത്തേയും അധികൃതരേയും പ്രദേശ വാസികളേയും ഭയപ്പെടുത്താനായി ലഹരി മാഫിയാ സംഘങ്ങള്‍ ഇങ്ങനെ ആളെ കൊന്ന് പരസ്യമായി പ്രദര്‍ശിപ്പിക്കാറുണ്ട്. ലഹരി സംഘങ്ങളുടെ പോരില്‍ ഒമ്പതു മാസത്തിനിടെ മെക്‌സിക്കോയില്‍ 25000ലേറെ പേരാണ് കൊല്ലപ്പെട്ടത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 3.4 ശതമാനം കുറവാണെന്നും ഔദ്യോഗിക കണക്കുകള്‍ പറയുന്നു.
 

Latest News