തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷയെ വധശ്രമ കുറ്റം ചുമത്തി ത്രിപുര പോലീസ് അറസ്റ്റ് ചെയ്തു

അഗര്‍ത്തല- തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷയും നടിയുമായ സായോനി ഘോഷിനെ ത്രിപുര പോലീസ് വധശ്രമം കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇവര്‍ താമസിക്കുന്ന ഹോട്ടലിലെത്തി വനിതാ പോലീസ് സംഘമാണ് ചോദ്യം ചെയ്യാനായി വിളിച്ചു കൊണ്ടു പോയത്. സായോനിയേയും കൂടെ ഉണ്ടായിരുന്ന തൃണമൂല്‍ എംപി സുസ്മിത ദേ്ബ്, കുനാല്‍ ഘോഷ്, സുബല്‍ ഭൗമിക് എന്നിവരെ ഈസ്റ്റ് അഗര്‍ത്തല വനിതാ പോലീസ് സ്റ്റേഷനില്‍വച്ച് ബിജെപി ഗുണ്ടകള്‍ ആക്രമിച്ചെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ ആറ് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും പാര്‍ട്ടി പറയുന്നു.

സംഭവമറിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലെത്തി. ശനിയാഴ്ച രാത്രി ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ വാഹനം ഓടിച്ചു കയറ്റാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് സയോനിക്കെതിരെ വധശ്രമം കുറ്റം ചുമത്തിയിരിക്കുന്നത്. തൃണമൂല്‍ നേതാക്കല്‍ താമസിക്കുന്ന ഹോട്ടലിലെത്തി ഏതാനും പോലീസുകാര്‍ തൃണമൂല്‍ നേതാവ് സുസ്മിത ദേവിന്റെ വാഹനം പിടിച്ചെടുക്കാന്‍ ശ്രമിച്ചതായും റിപോര്‍ട്ടുണ്ട്. എന്നാല്‍ ഇവര്‍ പോലീസുമായി സഹകരിച്ചില്ല.

സായോനി ഘോഷിനെ ചോദ്യം ചെയ്യുന്നതിനിടെ സ്റ്റേഷനു സമീപത്ത് തിരിച്ചറിയാത്ത അക്രമികള്‍ ഒരു സംഘം ആളുകളെ ആക്രമിച്ചെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും പോലീസ് പറഞ്ഞു. 

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് പങ്കെടുക്കുന്ന ഒരു ബിജെപി യോഗത്തിനു സമീപത്തു കൂടി കാറില്‍ കടന്നു പോകുകയായിരുന്നുവെന്ന് സായോനി ഘോഷ് വിഡിയോ സഹിതം ട്വീറ്റ് ചെയ്തു. ബിജെപി പരിപാടിക്ക് ആളുകളില്ലാത്തതിനെ അവര്‍ കളിയാക്കുകയും ചെയ്തു.

അതിനിടെ സായോനി ഘോഷ് ഉള്‍പ്പെടെയുള്ള തൃണമൂല്‍ നേതാക്കളെ ബിജെപിയുടെ ഗുണ്ടകള്‍ ആക്രമിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ആരോപിച്ചു. നാളെ ത്രിപുരയിലെത്തുമെന്ന് അഭിഷേക് അറിയിച്ചു. ഈ ആരോപണം ബിജെപി നിഷേധിച്ചു. ശനിയാഴ്ച രാത്രി മുഖ്യമന്ത്രി പങ്കെടുത്ത ബിജെപി പരിപാടി അലങ്കോലപ്പെടുത്താന്‍ സായോനി ശ്രമിച്ചെന്നും ബിജെപി ആരോപിച്ചു. 

Latest News