സമരം തുടരും; പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷകര്‍

ന്യൂദല്‍ഹി- വിവാദമായ മൂന്ന് കൃഷി നിയമങ്ങളും പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും തങ്ങളുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്ന് കര്‍ഷകര്‍. കൃഷി നിയമങ്ങള്‍ പിന്‍വലിച്ചതിനു ശേഷം ആദ്യമായി ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിലാണ് ഈ തീരുമാനം. സമരങ്ങളുടെ ഭാഗമായി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്ന ദിവസമായ നവംബര്‍ 29ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. 

കേന്ദ്രം ഇതുവരെ അംഗീകരിക്കാത്ത മറ്റു ആവശ്യങ്ങളും അംഗീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തുറന്ന കത്തെഴുതും. കാര്‍ഷിക വിളകളുടെ മിനിമം താങ്ങുവില സംരക്ഷിക്കുന്നതിന് കേന്ദ്ര നിയമം വേണമെന്നതാണ് കര്‍ഷകരുടെ ഇനിയുള്ള പ്രധാന ആവശ്യം. ഒരു വര്‍ഷമായി നടന്നു വരുന്ന കര്‍ഷക സമരങ്ങളുടെ ഭാഗമായി കര്‍ഷകര്‍ക്കെതിരെ ചുമത്തിയ എല്ലാ കേസുകളും പിന്‍വലിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. 

ലഖ്‌നൗവില്‍ തിങ്കളാഴ്ച കര്‍ഷകരുടെ മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു. പ്രമുഖ ബ്രിട്ടീഷ് ഇന്ത്യന്‍ നേതാവായ സര്‍ ഛോട്ടു റാമിന്റെ ജന്മവാര്‍ഷിക ദിനമായ നവംബര്‍ 24ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് ദിവസ് ആയി ആചരിക്കുമെന്നും നവംബര്‍ 26ന് ദല്‍ഹി അതിര്‍ത്തികളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. സാഹചര്യം വിലയിരുത്താന്‍ നവംബര്‍ 27ന് വീണ്ടും യോഗം ചേരാനും സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്.
 

Latest News