കൂട്ടിരിപ്പുകാരന് മര്‍ദനം; സെക്യൂരിറ്റി ഏജന്‍സിക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം- മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ടായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
രോഗികളുടെ കൂട്ടിരിപ്പുകാരെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി വേണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടുള്ള സെക്യൂരിറ്റി ജീവനക്കാരെ ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. സെക്യൂരിറ്റി ജീവനക്കാരെ നല്‍കിയ ഏജന്‍സിക്ക് അടിയന്തരമായി നോട്ടീസയക്കണമെന്നും ആവശ്യമെങ്കില്‍ ഏജന്‍സിയുമായുള്ള കരാര്‍ റദ്ദാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ആരോപണ വിധേയരായ സെക്യൂരിറ്റി ജീവനക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീീസറുടെ കഴിലല്ലായിരുന്നു . എല്ലാ സെക്യൂരിറ്റി ജീവനക്കാരുടേയും റിപ്പോര്‍ട്ടിംഗും ദൈനംദിന പ്രവര്‍ത്തനങ്ങളുമെല്ലാം മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴില്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.

ചിറയിന്‍കീഴ് സ്വദേശി അരുണ്‍ ദേവിനാണ്  കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാന്‍ വന്ന അരുണ്‍ദേവില്‍ നിന്ന് സെക്യൂരിറ്റി പാസ് വാങ്ങി. എന്നാല്‍ ഇത് തിരികെ ചോദിച്ചപ്പോള്‍ മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു. തന്നെ അകത്തേക്ക് വലിച്ച് കൊണ്ടുപോയി ഗേറ്റ് പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നും ഇത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചയാളെ സെക്യൂരിറ്റി ജീവനക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും അരുണ്‍ദേവ് പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.

 

Latest News