നിക്കാഹ് നടത്തിയത് മഗ്‌രിബ് നമസ്‌കാരത്തിനുശേഷം; സമീര്‍ വാങ്കഡെയുടെ വിവാഹക്ഷണക്കത്ത് പുറത്തുവിട്ട് നവാബ് മാലികിന്റെ മകള്‍

മുംബൈ- മുസ്ലിം മാതാപിതാക്കളുടെ മകനാണെന്നും മഗ്‌രിബ് നമസ്‌കാരത്തിനുശേഷം നിക്കാഹ് നടക്കുമെന്നും വ്യക്തമാകുന്ന നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയുടെ വിവാഹക്ഷണക്കത്ത് പങ്കുവെച്ച് മഹാരാഷ്ട്ര മന്ത്രി നവാബ് മാലികിന്റെ മകള്‍ നിലോഫര്‍ ഖാന്‍.

ദാവൂദിന്റേയും സാഹിദയുടെയും മകനാണെന്നാണ് ക്ഷണക്കത്തിലുള്ളത്. ശബാനയുമായുള്ള നിക്കാഹ് മഗ് രിബ് നമസ്‌കാരത്തിനുശേഷം നടക്കുമെന്നും കത്തിലുണ്ട്.

ഊഹങ്ങളുടെ പേരില്‍ മാത്രം അറസ്റ്റുകള്‍ക്ക് ഉത്തരവിടുന്നയാള്‍ ഇത്തരം വ്യക്തമായ സത്യങ്ങള്‍ അംഗീകരിക്കാതിരിക്കുന്നതാണ് തമാശയെന്ന് നിലോഫര്‍ സമൂഹ മാധ്യങ്ങളില്‍ പറഞ്ഞു.

വിവാഹ ക്ഷണക്കത്തിനുപുറമെ, സമീറും ഡോ.ഷഹാനയും തമ്മില്‍ നടന്ന വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റും നിലോഫര്‍ ഖാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ തെളിവുകളുമുണ്ടായിട്ടും വാങ്കഡെയും ബന്ധുക്കളും ഇക്കാര്യങ്ങള്‍ നിഷേധിക്കുകയാണെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലികിന്റെ മകള്‍ ആരോപിച്ചു.

ആര്യന്‍ ഖാനെതിരായ കേസില്‍ വ്യക്തമായ തെളിവില്ലെന്ന ബോംബ ഹൈക്കോടതി ഉത്തരവിനു പിന്നാലെ അഴിമതിക്കാരനായ സമീര്‍ വാങ്കഡെയെ സസ്‌പെന്റ് ചെയ്യണമെന്ന് നവാബ് മാലിക് ആവശ്യപ്പെട്ടിരുന്നു.

 

Latest News