VIDEO പാക്കിസ്ഥാന്‍ പ്രധാനമന്ത്രി 'ബഡാ ഭായ്' എന്ന് സിദ്ദു; ഉറഞ്ഞു തുള്ളി ബിജെപി

ചണ്ഡീഗഢ്- പാക്കിസ്ഥാന്‍ പ്രധാനമന്ത്രി തന്റെ ബഡാ ഭായ് ആണെന്ന പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദുവിന്റെ പരാമര്‍ശത്തിനെതിരെ ഉറഞ്ഞു തുള്ളി ബിജെപി. ഒരു പാകിസ്ഥാന്‍ ഉദ്യോഗസ്ഥനുമായുള്ള സിദ്ദുവിന്റെ ചെറു സംഭാഷണത്തിന്റെ വിഡിയോ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഗുരു നാനക് ജയന്തി ആഘോഷത്തിന്റെ ഭാഗമായി പാകിസ്ഥാനിലെ കര്‍താര്‍പുര്‍ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാന്‍ അവിടെയെത്തിയ സിദ്ദുവിനേയും സംഘത്തേയും ഒരു പാക് ഉദ്യോഗസ്ഥന്‍ മാലയിട്ട് സ്വീകരിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് സിദ്ദു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തനിക്ക് മൂത്ത സഹോദരനെ പോലെയാണെന്ന് വിശേഷിപ്പിച്ചത്. ഈ സംഭാഷണത്തിന്റെ വിഡിയോ പങ്കുവെച്ചാണ് ബിജെപി സിദ്ദുവിനും കോണ്‍ഗ്രസിനുമെതിരെ തിരിഞ്ഞിരിക്കുന്നത്. 

രാഹുല്‍ ഗാന്ധിയുടെ സ്വന്തക്കാരന്‍ നവ്‌ജോത് സിങ് സിദ്ദുവിന് പാക് പ്രധാനമന്ത്രിയെ ബഡാ ഭായ് ആണ്. നേരത്തെ അദ്ദേഹം പാക് സൈനിക മേധാവിയെ ആലിംഗനം ചെയ്ത പുകഴ്ത്തിയിരുന്നു. മുന്‍ സൈനികനായ അമരീന്ദര്‍ സിങിനു പകരം പാകിസ്ഥാന്‍ പ്രേമിയായ സിദ്ദുവിനെ ഗാന്ധി സഹോദരന്‍ തെരഞ്ഞെടുത്തതില്‍ എന്തത്ഭുതം?- എന്നാണ് മാളവ്യയുടെ ചോദ്യം.

Latest News