സി.പി.എം ഏരിയാ സമ്മേളനത്തിൽ സംഘർഷം; നാലു പേർക്ക് പരിക്ക്

തിരുവനന്തപുരം- സി.പി.എം വർക്കല ഏരിയാ സമ്മേളനത്തിലുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. 
പുതിയ ഏരിയാ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഏരിയാ കമ്മിറ്റിയിലേക്ക് മത്സരം നടത്താനും ശ്രമം നടന്നു. എട്ട് പേർ മത്സരിക്കാൻ തയ്യാറായി. മത്സര നീക്കം കടകംപളളി സുരേന്ദ്രൻ ഇടപെട്ട് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. ഏരിയാ  സമ്മേളനത്തിൽ മത്സരം അനുവദിക്കാതെ ഏക പക്ഷീയമായി തെരഞ്ഞെടുപ്പ് നടത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്. ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ  നേതാക്കളായ അതുൽ, അബിൻ, വിഷ്ണു, അഖിൽ എന്നി വർക്ക് പരിക്കേറ്റു. നിലവിലെ ഏര്യാ കമ്മിറ്റിയിൽ നിന്ന് ആനാവൂർ നാഗപ്പൻ അനുകൂലി കളായ മൂന്ന് പേരെ ഒഴിവാക്കിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. പിന്നാലെ കെ.ആർ ബിജു, നഹാസ്, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റിയാസ് വഹാബ് അടക്കം എട്ട് പേർ മത്സരിക്കാൻ എഴുന്നേറ്റു. എന്നാൽ സമ്മേളനം നിയന്ത്രിച്ച സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ മത്സരം തടയുകയായിരുന്നു. വിഭാഗീയ തലത്തിൽ സമ്മേളനം നടത്തി എന്നാണ് ഉയരുന്ന ആക്ഷേപം. കടകംപള്ളി സുരേന്ദ്രനെ അനുകൂലിക്കുന്നവർ ഭൂരിപക്ഷമുള്ള ഏരിയാ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം ജില്ലയിൽ ആദ്യ സമ്മേളനം തന്നെ സംഘർഷത്തിൽ കലാശിച്ചത് ജില്ലയിലെ സി.പി.എം നേതൃത്വത്തിനും നാണക്കേടായി. പാർട്ടി സംസ്ഥാന നേതൃത്വവും ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടിയിട്ടുണ്ട്.
 

Latest News