രാജസ്ഥാനില്‍ എല്ലാ മന്ത്രിമാരും രാജിവച്ചു; മന്ത്രിസഭാ പുനഃസംഘടന ഉടന്‍

ജയ്പൂര്‍- രാജസ്ഥാനില്‍ കോണ്‍ഗ്രസിനുള്ളില്‍ കലഹത്തിന് വഴിവെച്ച മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടക്കും. ഇതിനു മുന്നോടിയായി മുഖ്യമന്ത്രി അശോഖ് ഗെലോട്ട് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചതായി കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ഖച്ചരിയാവാസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ വസതിയില്‍ വൈകീട്ട് ഏഴിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പുതിയ മന്ത്രിസഭ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. മന്ത്രിമാരായ ഗോവിങ് സിങ് ദൊതസ്‌റ, ഹരീഷ് ചൗധരി, രഘു ശര്‍മ എന്നിവര്‍ രാജി സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് വെള്ളിയാഴ്ച കത്തെഴുതിയിരുന്നു. ഗോവിങ് സിങ് ദൊതസ്‌റ രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയാണ്. മറ്റു രണ്ടു പേരും പഞ്ചാബിലേയും ഗുജറാത്തിലേയും പാര്‍ട്ടി ചുമതല വഹിക്കുന്നവരുമാണ്.

ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി അശോക് ഗെലോട്ടും രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കനും ഒരു ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മാക്കന്‍ ജയ്പൂരിലെത്തിയത്.

മുന്‍ ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റിന്റെ രാജിയെ തുടര്‍ന്നാണ് മന്ത്രിസഭാ പുനഃസംഘടനാ ആവശ്യം ശക്തമായതും കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധി രൂപപ്പെട്ടതും. മാസങ്ങളായി ഇതിന് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സചിന്‍ പൈലറ്റിന്റെ അനുയായികള്‍ ഗെലോട്ട് പക്ഷത്തിനെതിരെ ശക്തമായി രംഗത്തുണ്ട്. മന്ത്രിസഭയിലും മറ്റു പദവികൡും തങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം വേണമെന്നാണ് സചിന്‍ ക്യാമ്പിന്റെ ആവശ്യം. 2023ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു സചിന്‍ അനുകൂലികളുടെ കണക്കുകൂട്ടല്‍. 

സചിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടതും അധികാരത്തില്‍ തിരിച്ചെത്തിയതും. സചിന്‍ മുഖ്യമന്ത്രിയാകുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ഫലം വന്നശേഷം അവസാന നിമിഷമാണ് ഗെലോട്ട് വീണ്ടും മുഖ്യമന്ത്രിയായത്. സചിനെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തു. ഈ പദവിയില്‍ തൃപ്തിപ്പെടാതെ കഴിഞ്ഞ വര്‍ഷം രാജിവച്ച സചിന്‍ 19 എംഎല്‍എമാരുമായി വിമത പോരിന് നേതൃത്വം നല്‍കുകയും ചെയ്തു. ഇത് കോണ്‍ഗ്രസിനേയും കോണ്‍ഗ്രസ് സര്‍ക്കാരിനേയും ഏറെ നാള്‍ പ്രതിസന്ധിയിലാക്കിയിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ട് സചിനെ അനുനയിപ്പിച്ചാണ് ഒടുവില്‍ പ്രതിസന്ധി മറികടന്നത്. അന്ന് സചിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നും അര്‍ഹമായ പദവികള്‍ ലഭിച്ചില്ലെന്നും ഉണര്‍ത്തി സചിന്‍ അനുകൂലികള്‍ വീണ്ടും രംഗത്തു വന്നിരുന്നു. 

Latest News