പോക്സോ കേസുകളിൽ പട്ടികവർഗ യുവാക്കളെ ഭാര്യമാരിൽനിന്നു പറിച്ചെടുക്കുന്നതു വേദനാജനകം

ഇഞ്ച സിനിമയിൽനിന്നുള്ള ദൃശ്യങ്ങൾ.

കൽപറ്റ-പോക്സോ കേസുകളിൽ പട്ടികവർഗ യുവാക്കളെ ഭാര്യമാരിൽനിന്നു പറിച്ചെടുക്കുന്നതും ശിക്ഷിക്കുന്നതും വേദനാജനകമാണെന്നു വയനാട് ജില്ലാ സെഷൻസ് ജഡ്ജ് എ.ഹാരിസ്. നിയമപരമായ പ്രായപൂർത്തിയെത്തുംമുമ്പ് ഗോത്രവിഭാഗത്തിലെ പെൺകുട്ടികളുടെ വിവാഹം നടത്തുന്നതു നിരുത്സാഹപ്പെടുത്തുന്നതിനു വയനാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി (ഡി.എൽ.എസ്.എ) തയാറാക്കുന്ന  ഇഞ്ച എന്ന ഹ്രസ്വ സിനിമയുടെ ഗാന പ്രകാശനവുമായി ബന്ധപ്പെട്ടു നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ചില പോക്സോ കേസുകളിൽ നിയമവും നീതിയും സമരസപ്പെടാത്തതു ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പട്ടികവർഗ പെൺകുട്ടിയെ ഗോത്രാചാരപ്രകാരം വിവാഹം ചെയ്യുന്ന യുവാക്കളെ പോക്സോ കേസുകളിൽനിന്നു ഒഴിവാക്കുന്നതിനു നിയമഭേദഗതി ആവശ്യമാണോ എന്നു പാർലമെന്റാണ് തീരുമാനിക്കേണ്ടതെന്നും ഇക്കര്യത്തിൽ ജുഡീഷ്യറിക്കു അഭിപ്രായം പറയാനോ ശുപാർശ നൽകാനോ കഴിയില്ലെന്നും ജില്ലാ സെഷൻസ് ജഡ്ജ് പറഞ്ഞു.
നിയമപരമായ പ്രായപൂർത്തിയെത്തുംമുമ്പേ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നതു ഗോത്രവിഭാഗങ്ങളിൽ തുടരുകയാണ്. പലപ്പോഴും, വിവാഹിതയായ പെൺകുട്ടി ഗർഭിണിയാകുകയും ചികിത്സയ്ക്കും പ്രസവത്തിനുമായി ആശുപത്രിയിൽ എത്തുകയും ചെയ്യുമ്പോഴാണ് പ്രായപൂർത്തിയായില്ലെന്ന വിവരം പുറത്തറിയുന്നത്. ഡോക്ടർ റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്കു ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം പോലീസിനു കേസെടുക്കേണ്ടിവരുന്നു. ദാമ്പത്യം തുടങ്ങി ഏറെ കഴിയും മുമ്പേ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിലാകുകയും വിചാരണയ്ക്കുശേഷം ദീർഘകാല തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതു പെൺകുട്ടിയുടെ ജീവിതതാളം തെറ്റിക്കുകയാണ്. ഗോത്രവർഗ പെൺകുട്ടികളുടെ നിയമം അനുശാസിക്കുന്ന പ്രായപൂർത്തി എത്തുംമുമ്പുള്ള വിവാഹം തീർത്തും നിരുത്സാഹപ്പെടുത്തകയാണ് ഇതിനു പരിഹാരം. ഈ സാഹചര്യത്തിലാണ് ഗോത്രജനവിഭാഗങ്ങളിൽ ബോധവത്കരണത്തിനു സിനിമ എന്ന ജനകീയ മാധ്യമത്തെ ഉപയോഗപ്പെടുത്താൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി തീരുമാനിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ആചാരപ്രകാരമുള്ള വിവാഹം അനുവദനീയമാണെന്ന ഗോത്രവിഭാഗക്കാർക്കിടയിലെ ധാരണ തിരുത്തുകയാണ് സിനിമയുടെ പ്രധാനലക്ഷ്യം. പുർണമായും പണിയ ഭാഷയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ ഭൂരിഭാഗം അഭിനേതാക്കളും ഗോത്രവർഗക്കാരാണ്. ജില്ലാ കലക്ടർ എ.ഗീത, ഡി.എൽ.എസ്.എ. സെക്രട്ടറിയും സബ് ജഡ്ജിയുമായ കെ.രാജേഷ്, ജില്ലാ ജഡ്ജി കെ.ടി.നിസാർ അഹമ്മദ് തുടങ്ങിയവരും  സിനിമയിൽ വേഷമിടുന്നുണ്ട്. 
പണിയഭാഷ എല്ലാ ആദിവാസി വിഭാഗക്കാർക്കും മനസ്സിലാകുമെന്നതിനാലാണ് ആ ഭാഷ തന്നെ സിനിമയ്ക്ക് തെരഞ്ഞെടുത്തത്. സബ് ടൈറ്റിലുകൾ നൽകിയിട്ടുണ്ട്.  സിനിമയിൽ രണ്ടു പാട്ടുകളുണ്ട്. ഗോത്ര വിഭാഗത്തിൽപെട്ട ചന്ദ്രു കോളിയാടി, അനിത തേലമ്പറ്റ എന്നിവരുടേതാണ് ഗാനരചന. സുനിത ഉണ്ണിക്കൃഷ്ണന്റേതാണ് ആലാപനം. ഗാനപ്രകാശനം ഇന്നു രാവിലെ 10.30ന് കൽപറ്റ ആസൂത്രണ ഭവനിലെ എ.പി.ജെ. ഹാളിൽ ഹൈക്കോടതി ജഡ്ജിയും നിയമസേവന സമിതി എക്‌സിക്യുട്ടീവ് ചെയർമാനുമായ ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ നിർവഹിക്കും.
44 മിനിറ്റാണ് പട്ടികവർഗ വികസന വകുപ്പിന്റെ സാമ്പത്തിക പിന്തുണയോടെ തയാറാക്കിയ സിനിമയുടെ ദൈർഘ്യം. സബ് ജഡ്ജ് കെ. രാജേഷിന്റേതാണ് കഥ. ഭാസ്‌കരൻ ബത്തേരിയാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചത്. മുരളി പണിക്കർ പൊന്നാനിയാണ് ഛായാഗ്രാഹകൻ. ഇഞ്ച സിനിമാ പ്രദർശനം ജില്ലയിലെ മുഴുവൻ ആദിവാസി ഊരുകളിലും ഉണ്ടാകുമെന്നും ജില്ലാ സെഷൻസ് ജഡ്ജ് പറഞ്ഞു. ഡി.എൽ.എസ്.എ. സെക്രട്ടറി കെ.രാജേഷ്, പോക്‌സോ കോടതി ജഡ്ജി എ.രാജകുമാര,  സംവിധായകൻ ഭസ്‌കരൻ ബത്തേരി, ഐ.ടി.ഡി.പി. ഓഫീസർ കെ.സി.ചെറിയാൻ എന്നിവരും പങ്കെടുത്തു.

Latest News