പീഡനക്കേസ് പ്രതിയെ ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു

കാസര്‍കോട്- വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിച്ച ശേഷം കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ഗള്‍ഫില്‍നിന്ന് ഇന്റര്‍പോള്‍ മുഖേന തടഞ്ഞുവെച്ച് ദല്‍ഹിയില്‍ എത്തിച്ചു. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുസാഫിര്‍ അലിയെ (26) ആണ് ഹൊസ്ദുര്‍ഗ് സി.ഐ കെ. പി. ഷൈന്‍ അറസ്റ്റ് ചെയ്തത്.

2018 ലാണ് കേസിനാസ്പദമായ സംഭവം. ഭര്‍തൃമതിയായ 35 കാരിയെ, യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നും വീട്ടില്‍ നിന്ന് കാല്‍ ലക്ഷം രൂപ കവര്‍ന്നുമെന്നുമാണ് കേസ്. യുവതിയുടെ പരാതി പോലീസിലെത്തും മുമ്പ്  ഗള്‍ഫിലേക്ക് കടന്ന യുവാവിനെ തടഞ്ഞുവെച്ച് നാട്ടിലെത്തിക്കാന്‍ ഹൊസ്ദുര്‍ഗ് പോലീസ് കോടതി മുഖാന്തരം നടപടി സ്വീകരിക്കുകയായിരുന്നു.

യു.എ.ഇ യുമായുള്ള കുറ്റവാളികളെ കൈമാറല്‍ നിയമം അനുസരിച്ച് ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയായ സി.ബി.ഐ മുഖാന്തരമാണ് ഇന്റര്‍പോളിനെ സമീപിച്ചത്. യുവാവിന്റെ ജോലി സ്ഥലത്ത് ഇന്റര്‍പോള്‍ തടഞ്ഞ് വെക്കുകയും ദല്‍ഹി വിമാനത്താവളം വഴി അയച്ച് സി.ബി.ഐക്ക് കൈമാറുകയുമായിരുന്നു.  ദല്‍ഹിയില്‍ എത്തി സി.ബി.ഐയില്‍നിന്ന് പോലീസ് യുവാവിനെ കസ്റ്റഡിയില്‍ വാങ്ങി കാഞ്ഞങ്ങാട്ടെത്തിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് കാഞ്ഞങ്ങാട് ഡിവൈ. എസ്. പി ഡോ. വി ബാലകൃഷ്ണനും  ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനും പറഞ്ഞു.

 

Latest News