കൊച്ചി-യുവ മോഡലുകള്‍ കാറപകടത്തില്‍ മരിച്ച കേസിലെ ദുരൂഹത നീക്കാന്‍ ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മാരത്തോണ്‍ മൊഴിയെടുക്കല്‍. അന്വേഷണ ഉദ്യോഗസ്ഥരായ എ സി പി: ബിജി ജോര്‍ജിന്റെയും സി ഐ അനന്തലാലിന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത നിരവധി യുവതീയുവാക്കളെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി. ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ഹോട്ടലില്‍ നിന്നും സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും ശേഖരിച്ചാണ് ഓരോരുത്തരെയും വിളിച്ചുവരുത്തുന്നത്. ഇതുവരെ ലഭിച്ച മൊഴികളില്‍ ഹോട്ടലുടമയുടെയും ജീവനക്കാരുടെയും മൊഴികളുമായി കാര്യമായ വൈരുധ്യങ്ങളില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
കോടതി ജാമ്യം അനുവദിച്ച നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയി വയലാട്ടിലിനെയും ജീവനക്കാരെയും വിളിച്ചുവരുത്തി അവരുടെ സാന്നിധ്യത്തില്‍ കായലിലെറിഞ്ഞ ഡി വി ഡി മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ച് പരിശോധിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നാണ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചുകൊണ്ട് നിര്‍ദേശിച്ചിട്ടുള്ളത്. അതിന് മുമ്പ് തന്നെ ഇവരെ വിളിച്ചു വരുത്താനാണ് പോലീസ് ശ്രമിക്കുന്നത്. എന്നാല്‍ കോടതിയുടെ ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അപകടത്തില്‍ പെട്ട വാഹനം ഓടിച്ചിരുന്ന മാള സ്വദേശി അബ്ദുള്‍ റഹ്്മാനില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും. ഇതിനൊപ്പം ഔഡി കാറില്‍ ഇവരെ പിന്തുടര്‍ന്ന ആര്‍കിടെക്ടായ സൈജു തങ്കച്ചനെയും ചോദ്യം ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇയാള്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത് ഒളിവിലാണ്. ഹൈക്കോടതിയില്‍ ഇയാള്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഉത്തരവ് വരുന്നതു വരെ പോലീസിന് കാത്തിരിക്കേണ്ടി വരും.
അബ്ദുള്‍ റഹ്മാന്‍ ഗള്‍ഫിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് ഇന്‍ഫോസിസ് ജീവനക്കാരിയായ ആന്‍സിയും ആയുര്‍വേദ ഡോക്ടറായ അഞ്ജന ഷാജനും പരസ്യചിത്ര സംവിധായകനായ മുഹമ്മദ് ആഷിക്കും ഫോര്‍ട്ട്‌കൊച്ചിയില്‍ പാര്‍ട്ടിക്കെത്തിയതെന്ന് ഇവരുടെ പൊതു സുഹൃത്തായ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ റെജി ഭാസ്‌കര്‍ പറഞ്ഞു. അബ്ദുള്‍ റഹ്്മാന്റെ പങ്കിനെക്കുറിച്ച് അന്‍സി കബീറിന്റെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചെങ്കിലും അന്‍സിയുടെയും അഞ്ജനയുടെയും സുഹൃത്തുക്കളാണ് അബ്ദുള്‍ റഹ്്മാനും ആഷിക്കുമെന്ന് ഇദ്ദേഹം വ്യക്തമാക്കി. ഓഹരി വിപണിയില്‍ ട്രേഡിംഗ് നടത്തുന്നവരാണ് നാലു പേരും. ഇതാണ് ഇവര്‍ക്കിടയില്‍ സൗഹൃദം വളര്‍ത്തിയത്. അബ്ദുള്‍ റഹ്്മാനില്‍ നിന്ന് അപകടവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കുമെന്നിരിക്കെ ഇപ്പോഴത്തെ വിവാദങ്ങളില്‍ കഴമ്പില്ലെന്ന് റെജി ഭാസ്‌കര്‍ ചൂണ്ടിക്കാട്ടുന്നു. നമ്പര്‍ 18 ഹോട്ടലില്‍ ആന്‍സിയും അഞ്ജനയും ഇതിന് മുമ്പും പോയിട്ടുണ്ടെന്നും റെജി വ്യക്തമാക്കി.
അതേസമയം ഡി ജെ പാര്‍ട്ടി നടന്ന ഹോട്ടല്‍ മയക്കുമരുന്നു കേന്ദ്രമാണെന്നും സൈജു മയക്കുമരുന്ന് ഇടനിലക്കാരനാണെന്നുമുള്ള പ്രചാരണം പോലീസ് നിഷേധിച്ചു. ഇത്തരത്തിലുള്ള ഒരു വിവരവും ഇതുവരെയുള്ള അന്വേഷണത്തില്‍ ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന അഡീഷണല്‍ കമ്മീഷണറും ഡി ഐ ജിയുമായ കെ പി ഫിലിപ്പ് ഐ പി എസ് പറഞ്ഞു. ഡി ജെ പാര്‍ട്ടിയിലെ വി ഐ പി സാന്നിധ്യവും ചിലരുടെ ഭാവനാസൃഷ്ടി മാത്രമാണെന്ന് അദ്ദേഹം പറയുന്നു.