ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍ പാസാക്കിയ പുതിയ ക്രിമിനല്‍ നിയമപ്രകാരം രാജ്യത്ത് ബലാത്സംഗ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ മരുന്ന് നല്‍കി വന്ധ്യംകരിക്കുന്ന (Chemical Castration) ശിക്ഷാ രീതി അവസാനിപ്പിച്ചു. നിയമഭേദഗതിയിലൂടെയാണ് ഈ വരിയുടയ്ക്കല്‍ ശിക്ഷ ഒഴിവാക്കിയതെന്ന് പാര്‍ലമെന്ററി നിയമകാര്യ സെക്രട്ടറി മലീക ബുഖാരി പറഞ്ഞു. മരുന്ന് നല്‍കി വന്ധ്യംകരിക്കുന്ന ശിക്ഷ അനിസ്‌ലാമികമാണെന്ന് ഇസ് ലാമിക് ഐഡിയോളജി കൗണ്‍സില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ ശിക്ഷാ രീതി അവസാനിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. നിയമങ്ങളുടെ ഇസ്ലാമിക വശം പരിശോധിക്കുന്ന സര്‍ക്കാരിനു കീഴിലുള്ള സമിതിയാണ് ഇസ്ലാമിക് ഐഡിയോളജി കൗണ്‍സില്‍. ഇതടക്കം 30ലേറെ നിയമങ്ങളാണ് ബുധനാഴ്ച ചേര്‍ന്ന പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പാസാക്കിയത്.
മരുന്ന് നല്‍കി വന്ധ്യംകരിച്ചാല്‍ വീണ്ടും പൂര്‍വസ്ഥിതിയിലാക്കാവുന്നതാണ്. പോളണ്ട്, ദക്ഷിണ കൊറിയ, ചെക്ക് റിപബ്ലിക്, യുഎസിലെ ചില സംസ്ഥാനങ്ങള്‍ എന്നിവിടങ്ങില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഈ ശിക്ഷ നിലവിലുണ്ട്.