ന്യൂദല്‍ഹി- വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. ഇതില്‍നിന്ന് നരേന്ദ്ര മോഡി സര്‍ക്കാര്‍ പാഠം പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു.
മോഡിയുടെ പ്രഖ്യാപനം അന്നദാതാക്കളായ കര്‍ഷകരുടെ വിജയമാണ്. ജനാധിപത്യ സംവിധാനത്തിലുള്ള ഏതൊരു സര്‍ക്കാരും ബന്ധപ്പെട്ടവരുമായി സംസാരിച്ചതിന് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്ന് സോണിയ പറഞ്ഞു. അധികാരത്തിലിരിക്കുന്നവരുടെ ധാര്‍ഷ്ട്യത്തിന്റെ പരാജയമാണിത്.
നീതിക്കുവേണ്ടി തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ച 700 ലധികം കര്‍ഷക കുടുംബങ്ങളുടെ ത്യാഗത്തിന് ഫലമുണ്ടായി. സത്യവും നീതിയും അഹിംസയുമാണ് വിജയിച്ചത്.
അധികാരത്തിലിരിക്കുന്നവര്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമെതിരെ നടത്തിയ ഗൂഢാലോചനയും സ്വേച്ഛാധിപത്യ ഭരണാധികാരികളുടെ ധാര്‍ഷ്ട്യവും പരാജയപ്പെട്ടു. അന്നദാതാക്കളുടെ വിജയത്തിലൂടെ ഉപജീവനത്തെയും കൃഷിയെയും ആക്രമിക്കാനുള്ള ഗൂഢാലോചനയാണ് പരാജയപ്പെട്ടത്.
ജനാധിപത്യത്തില്‍ ഏത് തീരുമാനവും എടുക്കേണ്ടത് പ്രതിപക്ഷവുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ്. ഭാവിയിലേക്കെങ്കിലും മോഡി സര്‍ക്കാര്‍ പാഠം പഠിച്ചിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സോണിയ പറഞ്ഞു.