Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സംഘ്പരിവാര്‍ തന്ത്രത്തിനേറ്റ കനത്ത തിരിച്ചടി- മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം- ഐതിഹാസികമായ കര്‍ഷക സമരത്തില്‍ എല്ലാ അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച്  സമരഭൂമിയില്‍ ഉറച്ചു നിന്ന പോരാളികളെ അഭിവാദ്യം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗ സമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടാണിതെന്ന് പിണറായി പറഞ്ഞു.

വര്‍ഗീയവാദത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തി മുതലാളിത്ത അജണ്ടകള്‍ നടപ്പാക്കുക എന്ന സംഘപരിവാര്‍  തന്ത്രത്തിനേറ്റ കനത്ത തിരിച്ചടിയാണ് കര്‍ഷകരുടെ വിജയം. സമരത്തില്‍ തുടക്കം മുതല്‍ നേതൃപരമായ പങ്കാണ് അഖിലേന്ത്യാ കിസാന്‍ സഭ വഹിച്ചത്. അത്തരത്തില്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തിന് അടിവരയിടുന്ന ഒരു സന്ദര്‍ഭം കൂടിയായി കര്‍ഷക സമരത്തിന്റെ വിജയം മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തൊണ്ണൂറുകളില്‍ ആരംഭിച്ച നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി ഇന്ത്യന്‍ കാര്‍ഷിക മേഖല കടുത്ത അരക്ഷിതാവസ്ഥയിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നു പോകുന്നത്. ലക്ഷക്കണക്കിനു കര്‍ഷകരാണ് മൂന്നു ദശകങ്ങള്‍ക്കിടയില്‍ ആത്മഹത്യ ചെയ്തത്. ഈ പ്രശ്‌നങ്ങളോട് മുഖം തിരിച്ചു നിന്ന കോണ്‍ഗ്രസ്സിന്റെ നയങ്ങളെ തിരുത്തിയില്ല എന്നു മാത്രമല്ല, അവ കൂടുതല്‍ തീവ്രമായി നടപ്പാക്കാനാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് കര്‍ഷകരെ കൂടുതല്‍ ദയനീയാവസ്ഥയിലേയ്ക്ക് തള്ളി വിടുന്ന കോര്‍പ്പറേറ്റ് അനുകൂല കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കിയത്.

തങ്ങളുടെ നിലനില്‍പ് തന്നെ ഇല്ലാതാക്കുന്ന നിയമങ്ങള്‍ക്കെതിരെ ഇന്ത്യയിലെ കര്‍ഷക സമൂഹം സട കുടഞ്ഞെഴുന്നേല്‍ക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്.  ഏകദേശം ഒരു വര്‍ഷം നീണ്ട സമരത്തിന്റെ ഭാഗമായി എഴുനൂറോളം പ്രക്ഷോഭകരാണ് രക്തസാക്ഷികളായത്. അവരുടെ രക്തസാക്ഷിത്വം വെറുതെയായില്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാമെന്ന്   ഉറപ്പു നല്‍കേണ്ടിവന്നത് ആ കര്‍ഷകരുടെ ശബ്ദവും വികാരവും രാജ്യമാകെ ഏറ്റെടുക്കുകയും അതൊരു കൊടുങ്കാറ്റായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ്. സമത്വവും സാഹോദര്യവും കളിയാടുന്ന ലോകമെന്ന സ്വപ്നം മുറുകെപ്പിടിച്ച് മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജം ഈ സമരം ഇന്ത്യന്‍ ജനതയ്ക്ക് സമ്മാനിക്കുകയാണെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News