Sorry, you need to enable JavaScript to visit this website.

കര്‍ഷകരോട് തോറ്റു, ഇനി കശ്മീര്‍ പദവി പുനസ്ഥാപിക്കണമെന്ന് മെഹബൂബ മുഫ്തി

ന്യൂദല്‍ഹി- മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചതിന് പിന്നാലെ, ജമ്മു കശ്മീര്‍ വിഷയത്തിലും പുനര്‍വിചിന്തനം വേണമെന്ന് ആവശ്യപ്പെട്ട് കശ്മീര്‍ നേതാക്കള്‍. കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പുനഃസ്ഥാപിക്കണമെന്ന് ജമ്മു കശ്മീരിലെ രാഷ്ട്രീയക്കാര്‍ ആവശ്യപ്പെട്ടു.

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനവും മോഡിയുടെ ക്ഷമാപണവും സ്വാഗതാര്‍ഹമായ നടപടിയാണെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പറഞ്ഞു,  തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭയമാണ്  മോഡിയേയും ബി.ജെ.പിയേയും മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു.
കശ്മീരികളെ ശിക്ഷിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ബി.ജെ.പിയുടെ  പ്രധാന വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താനാണ്. ബിജെപി വോട്ടര്‍മാരെ പ്രീതിപ്പെടുത്താനാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. വോട്ട് നേടി അധികാരം ഉറപ്പിക്കാന്‍ മാത്രമാണ് ജമ്മു കശ്മീരിനെ ശിഥിലമാക്കാനും ഇന്ത്യന്‍ ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചതെന്ന്  ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ട്വീറ്റില്‍ പറഞ്ഞു.

2019 ഓഗസ്റ്റ് മുതല്‍ ജമ്മു കശ്മീര്‍ കശ്മീരില്‍ വരുത്തിയ നിയമവിരുദ്ധമായ മാറ്റങ്ങള്‍ പുനപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്- അവര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370, 35 എ, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എന്നിവ കേന്ദ്ര സര്‍ക്കാര്‍ പുനഃസ്ഥാപിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് (ജെകെഎന്‍സി) അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ലയും ആവശ്യപ്പെട്ടു.

മൂന്ന് വിവാദ നിയമങ്ങള്‍ പാര്‍ലമെന്റില്‍ റദ്ദാക്കുന്നത് വരെ കര്‍ഷകര്‍ പ്രതിഷേധം തുടരണമെന്നും അദ്ദേഹം പറഞ്ഞു.
നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള ഭരണഘടനാ നടപടികള്‍ ഈ മാസം 29 മുതല്‍ ആരംഭിക്കുമെന്ന് കരുതുന്ന  പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ്  പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്.

 

 

Latest News