പ്രയാഗ്‌രാജ്- രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ മോഡി സര്‍ക്കാരിനെ ആഹ്വാനം ചെയ്ത് അലഹബാദ് ഹൈക്കോടതി. പൗരന്മാര്‍ക്ക് ഏകീകൃത സിവില്‍ കോഡ് ഉറപ്പാക്കാന്‍ രാഷ്ട്രം ശ്രമിക്കുമെന്ന് പറയുന്ന ഭരണഘടനയുടെ അനുഛേദം 44 നടപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കണമെന്നാണ് ജസ്റ്റിസ് സുനീത് കുമാറിന്റെ നേതൃത്വത്തിലുള്ള അലഹബാദ് ഹൈക്കോടതി ബെഞ്ച് ആവശ്യപ്പെട്ടത്.
മിശ്രവിവാഹവുമായി ബന്ധപ്പെട്ട 17 ഓളം ഹരജികള്‍ പരിഗണിക്കുകയായിരുന്നു ഡിവിഷന്‍ ബെഞ്ച്. ഏക സിവില്‍ കോഡ് വിഷയം ഭരണഘടനാപരമാണെങ്കിലും പൊതുസമൂഹത്തില്‍ ഉന്നയിക്കപ്പെടുമ്പോഴും ചര്‍ച്ച ചെയ്യുമ്പോഴും രാഷ്ട്രീയപരമായി അട്ടിമറിക്കപ്പെടുകയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
രാജ്യത്ത് വിവാഹ,കുടുംബ നിയമങ്ങളുടെ ബാഹുല്യമുള്ള സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുകയാണ് പരിഹാരം. മിശ്രവിശ്വാസികളായ ദമ്പതികളെ കുറ്റവാളികളായി വേട്ടയാടുന്നതില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ പാര്‍ലമെന്റ് ഏക കുടുംബ നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജസ്റ്റിസ് സുനീത് കുമാര്‍ പറഞ്ഞു.
രാജ്യത്ത് വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നിിയമങ്ങളുടെ ബാഹുല്യം നിലനിര്‍ത്തണോ അതോ വിവാഹത്തെ ഏക കുടുംബ നിയമത്തിന്റെ കുടക്കീഴില്‍ കൊണ്ടുവരണമോ എന്ന് പാര്‍ലമെന്റ് ഇടപെട്ട് പരിശോധിക്കേണ്ട ഘട്ടം എത്തിയിരിക്കയാണ്. ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങള്‍ പ്രകടിപ്പിക്കുന്ന ആശങ്കയും ഭയവും കണക്കിലെടുത്ത് ഏകസിവില്‍ കോഡ് നീട്ടിക്കൊണ്ടു പോകുന്നത് ശരിയല്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.