കൊച്ചി- ആലപ്പുഴയില്‍ 45 ലക്ഷം രൂപയുമായി പിടിയിലായ മലയാളി ബി.എസ്.എഫ് കമാന്‍ഡന്റ് ജിബു.ഡി.മാത്യൂവിന് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സി.ബി.ഐ. അന്താരാഷ്ട്ര കള്ളക്കടത്തുകാരന്‍ ഷിബു ശൈഖ് ഇയാളുടെ കൂട്ടാളിയാണെന്നും സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി. ജിബുവിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സേവനമനുഷ്ഠിച്ചിരുന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥനായ ജിബു അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങള്‍ക്ക് വഴിവിട്ട സഹായം നല്‍കിയിരുന്നു. ഇതിന് ലഭിച്ച കോഴയാണ് നേരത്തെ ഇയാളില്‍നിന്ന് പിടിച്ചെടുത്തത്. അന്താരാഷ്ട്ര കള്ളക്കടത്തുകാരനും കേന്ദ്ര ഏജന്‍സികള്‍ അടക്കം അന്വേഷണം നടത്തുന്ന കേസുകളിലെ പ്രതിയുമായ ഷിബു ശൈഖിന് ജിബുവുമായി ബന്ധമുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തേണ്ടതിനാല്‍ ജിബുവിന് ജാമ്യം നല്‍കരുതെന്നും സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം 30-നാണ് പശ്ചിമ ബംഗാളില്‍നിന്ന് ഷാലിമാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വന്ന ഇയാളെ ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് സി.ബി.ഐ സംഘം പിടികൂടിയത്. ഏറെ നാളായി സി.ബി.ഐ നിരീക്ഷണത്തിലായിരുന്ന ഇയാളെ രഹസ്യ വിവരത്തെ തുടര്‍ന്ന് തടയുകയായിരുന്നു. ജിബുവിന്റെ കൈയിലുണ്ടായിരുന്ന ബാഗ് തുറന്നു പരിശോധിക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചിരുന്നില്ല. പിന്നീട് ബലമായി നടത്തിയ പരിശോധനയില്‍ വലിയ ട്രോളി ബാഗില്‍ പ്ലാസ്റ്റിക് കവറില്‍ പണം കണ്ടെത്തുകയായിരുന്നു. നോട്ട് എണ്ണുന്ന യന്ത്രം എത്തിച്ചാണു പണം എണ്ണിത്തിട്ടപ്പെടുത്തിയിരുന്നത്.