Sorry, you need to enable JavaScript to visit this website.

ക്യാന്‍സര്‍ ചികിത്സയ്ക്ക് കീമോയും മരുന്നും വേണ്ട;  വിപ്ലവകരമായ സാങ്കേതിക വിദ്യയുമായി കുസാറ്റ് ഗവേഷകര്‍

കൊച്ചി- മരുന്നുകളും പാര്‍ശ്വഫലങ്ങളുമില്ലാതെ അര്‍ബുദം ചികിത്സിച്ചുമാറ്റാനുള്ള സാങ്കേതികവിദ്യയുമായി കുസാറ്റ് ഗവേഷകര്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഫിസിക്‌സ് വകുപ്പിലെ പ്രൊഫസര്‍ ഡോ. എം ആര്‍ അനന്തരാമന്റെ കീഴില്‍ ഡോ. വി എന്‍ അര്‍ച്ചന നടത്തിയ ഗവേഷണത്തിലാണ് മാഗ്‌നറ്റോ പ്ലാസ്‌മോണിക് നാനോഫഌയിഡ് വികസിപ്പിച്ച് പുതിയ ചികിത്സാ സംവിധാനത്തിന് വഴിയൊരുക്കുന്നത്.
ജേണല്‍ ഓഫ് മാഗ്‌നറ്റിസം ആന്‍ഡ് മാഗ്‌നറ്റിക് മെറ്റീരിയല്‍സ്' എന്ന പ്രശസ്ത മാസികയില്‍ ഇതു സംബന്ധിച്ച കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുമായി സഹകരിച്ച് ചികിത്സ യാഥാര്‍ഥ്യമാക്കുന്നതിനുള്ള ബയോമെഡിക്കല്‍ പഠനങ്ങള്‍ പുരോഗമിക്കുകയാണ്. മാഗ്‌നറ്റിക് ഹൈപ്പര്‍തെര്‍മിയയും ഫോട്ടോഡൈനാമിക് തെറാപ്പിയും സംയോജിപ്പിച്ചാണ് ചികിത്സാരീതി വികസിപ്പിക്കുന്നത്. മാഗ്‌നറ്റിക് ഹൈപ്പര്‍തെര്‍മിയ ഒരു ടിഷ്യുവിലേക്കോ കോശത്തിലേക്കോ പ്രയോഗിക്കും. സൂപ്പര്‍ പാരാമാഗ്‌നറ്റിക് ഓക്‌സൈഡ് അടങ്ങിയിരിക്കുന്ന നാനോ ദ്രാവകം ശരീരത്തിന് പുറത്ത് സൃഷ്ടിക്കുന്ന കാന്തികക്ഷേത്ര ബലത്താല്‍ മാരകമായ കോശങ്ങള്‍ മാത്രം 41 ഡിഗ്രി താപനിലയില്‍ ചൂടാക്കി നശിപ്പിക്കും. എന്നാല്‍, നല്ല കോശങ്ങള്‍ കേടുകൂടാതെയിരിക്കുകയും ചെയ്യും. കോശങ്ങളിലൂടെ തുളച്ചുകയറാനുള്ള ലേസര്‍ പ്രകാശത്തിന്റെ ശേഷി ഉപയോഗിച്ച് മാരകമായ കലകളെ തിരിച്ചറിയുകയും പ്രകാശം ആഗിരണം ചെയ്യുന്നതിലൂടെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുകയാണ് ഫോട്ടോഡൈനാമിക് തെറാപ്പിയുടെ തത്വം. നാനോ ഫഌയിഡ് ബയോമെഡിക്കല്‍ ഇമേജിങ്ങിനും ഉപയോഗിക്കാം. ചികത്സാരീതി പ്രാബല്യത്തിലാകുമ്പോള്‍ അര്‍ബുദ ചികിത്സ നിലവിലുള്ള കീമോതെറാപ്പി, മറ്റ് മരുന്നുകള്‍ എന്നിവയെക്കാള്‍ ഫലപ്രദമാകുമെന്ന് പ്രൊഫ. അനന്തരാമന്‍ വ്യക്തമാക്കി.
 

Latest News