കോണ്‍ഗ്രസ് അച്ചടക്ക സമിതിയില്‍ നിന്ന് ഗുലാം നബി ആസാദ് പുറത്ത്

ന്യൂദല്‍ഹി- വ്യാഴാഴ്ച പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസിന്റെ അച്ചടക്ക സമിതിയില്‍ നിന്ന് മുതിര്‍ന്ന നേതാവും മുന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിനെ മാറ്റി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ഗുലാം നബി പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് വിവാദ കത്തെഴുതിയ ജി23 സംഘത്തിലുള്‍പ്പെട്ടിരുന്നു. മുന്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, മുന്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി മുകുത് മിഥി എന്നിവരും പുതിയ അച്ചടക്ക സമിതിയില്‍ ഇല്ല. എ കെ ആന്റണിയെ തന്നെ വീണ്ടും അധ്യക്ഷനാക്കിയാണ് അച്ചടക്ക സമിതി പുനഃസംഘടിപ്പിപ്പിച്ചത്. കേരളത്തിന്റെ പാര്‍ട്ടി ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് മെംബര്‍ സെക്രട്ടറി. അംബിക സോണി, ജയ് പ്രകാശ് അഗര്‍വാള്‍, ജി പരമേശ്വര എന്നിവരാണ് അംഗങ്ങള്‍. 

ജമ്മു കശ്മീരില്‍ ഗുലാം നബിയോട് അടുപ്പമുള്ള 20 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ കലഹമുണ്ടാക്കി പാര്‍ട്ടി പദവികള്‍ രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അച്ചടക്ക സമിതിയില്‍ നിന്ന് ഗുലാം നബി പുറത്തായത്.
 

Latest News