വായു മലിനീകരണം: ട്രക്കുകള്‍ക്ക് ദല്‍ഹിയില്‍ പ്രവേശന വിലക്ക്

ന്യൂദല്‍ഹി- നഗരത്തില്‍ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ വലിയ ട്രക്കുകള്‍ക്ക് നവംബര്‍ 21 വരെ ദല്‍ഹി ട്രാഫിക് പോലീസ് പ്രവേശന വിലക്കേര്‍പ്പെടുത്തി. അവശ്യവസ്തുക്കളുമായി വരുന്ന ട്രക്കുകളെ മാത്രമെ ദല്‍ഹി നിരത്തുകളിലേക്ക് പ്രവേശിപ്പിക്കൂ. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാലിറ്റി മാനേജ്‌മെന്റിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് വിലക്ക്. എല്ലാ പിക്കറ്റുകളിലും 15 അതിര്‍ത്തി പ്രദേശങ്ങളിലും പരിശോധനാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ട്രാഫിക് പോലീസ് അറിയിച്ചു. 

വിലക്കേര്‍പ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ  അതിര്‍ത്തികളില്‍ 500ലേറെ ട്രക്കുകളെ തടഞ്ഞതായി ട്രാഫിക് വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ദേശിയ തലസ്ഥാന പ്രദേശങ്ങളില്‍ ഉള്‍പ്പെട്ട ദല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന നോയ്ഡ, ഗുഡ്ഗാവ്, ഫരിദാബാദ് എന്നിവിടങ്ങളിലെ ട്രാഫിക് പോലീസിന് വിവരം കൈമാറുകയും പരമാവധി ട്രക്കുകളെ വഴിതിരിച്ചുവിടാന്‍ ആവശ്യപ്പെടുകയും ചെയ്തതായി ദല്‍ഹി ട്രാഫിക് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. വിലക്ക് ലംഘിച്ച് കടന്ന ട്രാക്ടറുകളേയും ട്രക്കുകളേയും തടഞ്ഞു. ദല്‍ഹി ഗതാഗത വകുപ്പിന്റെ 17 സംഘങ്ങളും ട്രക്കുകളെ തടയാന്‍ രംഗത്തുണ്ട്. വിലക്ക് ലംഘിച്ചാല്‍ പിഴ ഈടാക്കാനാണ് തീരുമാനം.
 

Latest News