കോട്ടയം - ഇലവീഴാപൂഞ്ചിറയിലെ വിനോദസഞ്ചാരത്തിന് കുളിരേകി മലഞ്ചെരുവിൽ ജലാശയവും ചെക്ക് ഡാമുകളും. മേലുകാവിന് സമീപം 3200 അടി ഉയരത്തിലുളള പൂഞ്ചിറയിലെ പുതിയ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി മാത്യു ടി. തോമസ് നിർവഹിച്ചു.
കോട്ടയം - ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ മേലുകാവ് പഞ്ചായത്തിലാണു ഇലവീഴാപൂഞ്ചിറ. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് അതിവിശാലമായ കുളവും, ചെക്ക്ഡാമുകളും നിർമിച്ചിരിക്കുന്നത്. കെ.എം. മാണി മന്ത്രിയായിരിക്കെയാണ് പദ്ധതികൾക്കായി നാലു കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകിയത്. വേനൽകാലത്ത് ഉറവയിലൂടെ ലഭിക്കുന്ന വെള്ളവും വർഷകാലത്തെ മഴവെള്ളവും സംഭരിക്കുകയാണ് ലക്ഷ്യം. കുളത്തിൽ ഏകദേശം 225 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ സാധിക്കും.
കുളത്തിനടുത്തു തന്നെ മറ്റൊരു മലഞ്ചെരുവിലെ ഉറവയിൽ നിന്നും ഒഴുകി വരുന്ന വെള്ളം 2.5 മീറ്റർ നീളം മാത്രമുള്ള ചെക്ക്ഡാം നിർമിച്ച്, ഏകദേശം 110 ലക്ഷം ലിറ്റർ ജലം സംഭരിക്കുവാൻ സാധിക്കുന്ന ചെക്ക്ഡാമും പൂർത്തീകരിച്ചിട്ടുണ്ട്.
ഇതിനോടനുബന്ധിച്ച് തന്നെ മറ്റൊരു തടയണയുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്. കുളവും ചെക്ക് ഡാമും ഉയർന്ന പ്രദേശത്തായതിനാൽ ഇവിടെ സംഭരിച്ചിരിക്കുന്ന ജലം മേലുകാവിലും സമീപ പഞ്ചായത്തുകൾക്കും എത്തിക്കുവാനും സാധിക്കും. വേനൽക്കാലത്ത് കുടിവെള്ളക്ഷാമം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന മേലുകാവിനും സമീപ പഞ്ചായത്തുകളിലേക്കും പമ്പിംഗ് സൗകര്യങ്ങളൊന്നും കൂടാതെ പൈപ്പുകൾ വഴി ശുദ്ധജലം എത്തിക്കാനാകും. ഗ്രീൻടൂറിസം പദ്ധതിയിൽപ്പെടുത്തി കൂടുതൽ വികസനപ്രവർത്തനങ്ങൾ ഇവിടെ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

ജല സംസ്‌കാരത്തോടൊപ്പം ജല സാക്ഷരതയും നമുക്കാവശ്യമാെണന്നും വളരെ ഗൗരവത്തോടെ ജല സുരക്ഷയുടെ സന്ദേശം ഏറ്റെടുക്കേണ്ടതുെണ്ടന്നും മന്ത്രി മാത്യു.ടി.തോമസ് ചടങ്ങിൽ പറഞ്ഞു. ജലസേചന വകുപ്പിന്റെ മേൽനോട്ടത്തിൽ പൂർത്തിയായ 225 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള കുളവും ചെക്ക്ഡാമുകളും അദ്ദേഹം നാടിനു സമർപ്പിച്ചു. ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിച്ചാൽ തടവ് ശിക്ഷ നിഷ്‌കർഷിക്കുന്ന കുറ്റമായി ഓർഡിനൻസ് പുറപ്പെടുവിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറി കഴിഞ്ഞു.
സംസ്ഥാനത്തൊട്ടാകെ 871 നിരീക്ഷണ കിണറുകൾ പരിശോധിച്ചതിൽ 89 ശതമാനം കിണറുകുടെയും ഭൂജല നിരപ്പ് വലിയ തോതിൽ താഴ്ന്നതായാണ് പഠനങ്ങളിൽ നിന്ന് വ്യക്തമായി. ഇത് വരാനിരിക്കുന്ന വലിയ ജലക്ഷാമത്തെയാണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജല സംരക്ഷണ പ്രവർത്തനങ്ങൾക്കായി ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 600 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുെണ്ടന്നും മാത്യു.ടി.തോമസ് പറഞ്ഞു.
കെ.എം മാണി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജോസ്.കെ.മാണി എം.പി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ജോയി എബ്രഹാം എം.പി പാലാ ആർ.ഡി.ഒയ്ക്ക് പദ്ധതി കൈമാറ്റം നിർവഹിച്ചു. ജലസേചന വകുപ്പ് ചീഫ് എൻജിനീയർ കെ.എ ജോഷി , സൂപ്രണ്ടിംഗ് എൻജിനീയർ രൺജി.പി.കുര്യൻ, കെ.എസ്.എഫ്.ഇ ഡയറക്ടർ ബോർഡ് അംഗം പി.കെ ആനന്ദക്കുട്ടൻ, മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബാമോൾ ജോസഫ്, മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ഷേർളി സെബാ സ്റ്റ്യൻ, തലനാട് പഞ്ചായത്ത് പ്രസിഡന്റ് സതി വിജയൻ , കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സണ്ണിമുണ്ടനാട്, ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

പൂഞ്ചിറയിലെ പുതിയ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി മാത്യു ടി. തോമസ് നിർവഹിക്കുന്നു






